ബെംഗളൂരു: തന്റെ പേരിലാണ് രാജ്യത്തിന്റെ സുരക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. താന്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അക്രമസംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും രാജ്യത്തിന്റെ സുരക്ഷയാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2014 ന് മുന്‍പ് രാജ്യത്ത് നിരവധി ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. ജനങ്ങളുടെ ജീവിതത്തിന് ഒരുറപ്പും ഉണ്ടായിരുന്നില്ല. എന്നാല്‍ 2014 ന് ശേഷം ബോംബ് സ്‌ഫോടനങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ജനങ്ങളുടെ ജീവിതത്തിനു ഞാന്‍ കൊടുക്കുന്ന ഉറപ്പാണ് അത്’, മോദി പറഞ്ഞു. കൃത്യമായ പരിശോധനകളിലൂടെ മെച്ചപ്പെട്ട സുരക്ഷയാണ് ഈ ഭരണകൂടം ഇപ്പോള്‍ നല്‍കുന്നത് എന്നുകൂടി മോദി കൂട്ടിച്ചേര്‍ത്തു.
‘നിങ്ങളുടെ ഒരു വോട്ടിന്റെ പിന്തുണയാണ് തീവ്രവാദ ആക്രമണങ്ങള്‍ തടയാനുള്ള എന്റെ ഊര്‍ജം. നിങ്ങള്‍ നല്‍കിയ ആ വോട്ടു തന്നെയാണ് രാജ്യത്ത് ബോംബ് സ്ഫോടനങ്ങള്‍ ഇല്ലാതാക്കിയത് ‘പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വീണ്ടും ആക്രമ സംഭവങ്ങള്‍ അരങ്ങേറും.
കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ബി. ജെ. പി അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ സുരക്ഷിതരായിരിക്കുമെന്നും ,കോണ്‍ഗ്രസിന്റെ ശ്രദ്ധ ജനങ്ങളുടെ വിഭജനത്തിലും അധികാരത്തിലും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ നടന്ന തെരെഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി സമാനമായ പരാമര്‍ശങ്ങള്‍ നടത്തി. ‘കോണ്‍ഗ്രസ് അപകടകാരിയാണ്. നിങ്ങള്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും എന്തെങ്കിലും പേരുണ്ടോ? അവര്‍ പ്രവര്‍ത്തിക്കുന്നത് ഒരു ഫോര്‍മുല ലക്ഷ്യം വച്ചാണ്.
അധികാരത്തില്‍ വന്നാല്‍ ഓരോ വര്‍ഷവും അവര്‍ക്ക് ഓരോ പ്രധാനമന്ത്രിയായിരിക്കും. അതിനു വേണ്ടി നിങ്ങളുടെ വോട്ട് പാഴാക്കണോ?’, മോദി ചോദിച്ചു. 10 വര്‍ഷമായി നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ഉറപ്പിന്റെ പേരാണ് മോദി എന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിന്റെ നയങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlight: ‘My name is the guarantee of security in the country’: Narendra Modi