ഹൈദരാബാദ്: രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നതിന് പത്ത് ദിവസം മുമ്പ് ചിത്രീകരിച്ച വീഡിയോ പുറത്ത്. രോഹിത് ദളിതനല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് മറുപടിയായി രോഹിതിന്റെ സുഹൃത്തും എ.എസ്.എ (അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) പ്രവര്‍ത്തകനുമായ സുണ്ണാങ്കി മുന്നയാണ് വീഡിയോ പുറത്തു വിട്ടത്.
ജയ് ഭീം, എന്റെ പേര് രോഹിത് വെമുല, ഞാനൊരു ദളിതനാണ്. എന്ന് പറഞ്ഞാണ് വീഡിയോയില്‍ രോഹിത് പറഞ്ഞു തുടങ്ങുന്നത്.
ഹൈദരാബാദ് സര്‍വകലാശാല ക്യാംപസിലെവിടെയെങ്കിലും ഞങ്ങള്‍ പ്രവേശിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്ന് പറഞ്ഞ് യൂണിവേഴ്സ്റ്റി ഞങ്ങള്‍ അഞ്ചുപേരെ പുറത്താക്കിയിരിക്കുകയാണ്.
തന്റെ പിതാവൊരു കര്‍ഷകനാണ്. അമ്മയാണ് തങ്ങളെ വളര്‍ത്തിയത്. എം.എസ്.സി ബയോടെക്‌നോളജി പഠിക്കാനാണ് ഞാന്‍ സര്‍വകലാശാലയില്‍ വന്നത്. എന്നാല്‍ സാമൂഹിക വിഷയങ്ങളിലുള്ള താത്പര്യം കൊണ്ട് സോഷ്യല്‍ സയന്‍സിലേക്ക് മാറുകയായിരുന്നുവെന്നും വീഡിയോയില്‍ രോഹിത് വെമുല പറയുന്നു.
എ.ബി.വി.പി തനിക്കെതിരായി തിരിയുന്നത് ആദ്യമായിട്ടല്ലെന്ന് രോഹിത് വെമുല പറയുന്നു. 2012ല്‍ എ.ബി.വി.പി തനിക്കെതിരായി കേസ് നല്‍കിയിരുന്നുവെന്നും രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നെന്നും രോഹിത് പറയുന്നു.
രോഹിതിന്റെ മരണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ലാപ്‌ടോപ്പുകള്‍ തിരികെ ലഭിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് വീഡിയോ ലഭിച്ചതെന്ന് സുണ്ണാങ്കി പറഞ്ഞു.
രോഹിത് വെമുല ദളിതനല്ലെന്നാണ് ജസ്റ്റിസ് രൂപന്‍വാള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.