ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നമോ ആപ്പിനെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. നമോ ആപ്പ് വ്യക്തിവിരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ട്രോള്‍
“ഹായ്, എന്റെ പേര് നരേന്ദ്രമോദി. ഞാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി. എന്റെ ഔദ്യോഗിക ആപ്പ് നിങ്ങള്‍ സൈനപ്പ് ചെയ്യുമ്പോള്‍ ഞാന്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കന്‍ കമ്പനികളിലുള്ള എന്റെ സുഹൃത്തുക്കള്‍ക്കു നല്‍കും” എന്നാണ് രാഹുലിന്റെ ട്വീറ്റ്.
നരേന്ദ്രമോദി ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ ചോര്‍ത്തുന്നുവെന്ന് ഫ്രഞ്ച് സൈബര്‍ വിദഗ്ധര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ് വന്നിരിക്കുന്നത്.
രാഹുലിന്റെ ട്വീറ്റ് ബി.ജെ.പിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ട്വീറ്റു വന്നു മിനിറ്റുകള്‍ക്കകം ബി.ജെ.പി മറുപടിയുമായി രംഗത്തുവന്നിട്ടുണ്ട്. ഒരുകൂട്ടം ട്വീറ്റുകളിലൂടെയാണ് ബി.ജെ.പിയുടെ പ്രതികരണം. രാഹുലിന് സാങ്കേതികതയെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന് പറഞ്ഞാണ് ബി.ജെ.പി രംഗത്തുവന്നിരിക്കുന്നത്.
“ടെക്‌നോളജിയെക്കുറിച്ച് തനിക്കോ തന്റെ പാര്‍ട്ടിക്കോ യാതൊരു അറിവുമില്ലെന്ന് രാഹുല്‍ ഗാന്ധി തെളിയിച്ചിരിക്കുകയാണ്. സാങ്കേതികതയെക്കുറിച്ച് പൊതുജനത്തെ ഭീതിപ്പെടുത്താന്‍ മാത്രമാണ് അവര്‍ക്ക് അറിയുന്നത്. അതുവഴി കാംബ്രിഡ്ജ് അനലിറ്റികയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മറയ്ക്കാനും” എന്നാണ് ബി.ജെ.പിയുടെ ട്വീറ്റ്.