നൂറു വയസ്സിനടുത്ത് പ്രായമുള്ള എന്റെ അമ്മയും ഞാനും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്; ശാസ്ത്രത്തെ വിശ്വസിക്കണമെന്ന് പ്രധാനമന്ത്രി
India
നൂറു വയസ്സിനടുത്ത് പ്രായമുള്ള എന്റെ അമ്മയും ഞാനും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്; ശാസ്ത്രത്തെ വിശ്വസിക്കണമെന്ന് പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th June 2021, 2:22 pm

ന്യൂദല്‍ഹി: വാക്സിന്‍ എടുക്കാന്‍ മടിച്ചു നില്‍ക്കരുതെന്നും വാക്സിനെതിരായ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. താനും നൂറ് വയസ്സിനടുത്തുള്ള തന്റെ അമ്മയും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.

‘എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ശാസ്ത്രത്തെ വിശ്വസിക്കുക. നമ്മുടെ ശാസ്ത്രജ്ഞരെ വിശ്വസിക്കുക. ധാരാളം ആളുകള്‍ വാക്‌സിന്‍ എടുത്തിട്ടുണ്ട്. ഞാന്‍ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്.

എന്റെ അമ്മയ്ക്ക് ഏകദേശം നൂറ് വയസ്സ് പ്രായമുണ്ട്, രണ്ട് വാക്‌സിനുകളും എടുത്തിട്ടുണ്ട്. ദയവായി ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുത്. വാക്‌സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ ഒരിക്കലും വിശ്വസിക്കരുത്, ” പ്രധാനമന്ത്രി പറഞ്ഞു.

വാക്സിന്‍ എടുക്കുന്നതിലൂടെ മാത്രമേ ഒരാള്‍ക്ക് കൊവിഡില്‍ നിന്ന് സുരക്ഷ നേടാനാകൂവെന്നും വാക്സിനെതിരെ പ്രചാരണം നടത്തുന്നവര്‍ അത് ചെയ്തുകൊണ്ടേയിരിക്കട്ടെയെന്നും മോദി പറഞ്ഞു.

” നമ്മള്‍ നമ്മുടെ ചുമതല നിറവേറ്റണം. എല്ലാവരും വാക്സിനെടുത്തുവെന്ന് ഉറപ്പാക്കണം. കൊവിഡ് ഭീഷണി ഇനിയും അവസാനിച്ചിട്ടില്ല. വാക്സിനേഷനിലും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിലും നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,” മോദി പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ ജനസംഖ്യയുടെ 5.6 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭ്യമായിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: My Mother About 100 Years Old, Yet…”: PM’s Vaccine Hesitancy Warning