കോഴിക്കോട്: മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് ജയരാജ്. തന്റെ സംവിധാന മികവില്‍ ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ജയരാജ് കേരളത്തിലെത്തിച്ചത്. അവതരണത്തിലെയും പ്രമേയത്തിലെയും വ്യത്യസ്തത കൊണ്ട് എന്നും പുതുമയുള്ള സിനിമകള്‍ നല്‍കാന്‍ ജയരാജ് ശ്രമിച്ചിരുന്നു. മലയാളത്തിലെ മിക്ക മുന്‍നിര നടന്മാരും ജയരാജിന്റെ സംവിധാന മികവില്‍ സ്‌ക്രീനിലെത്തിയിട്ടുണ്ട്.
എന്നാല്‍, മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും ജയരാജും തമ്മില്‍ ഒരുമിച്ച് ഒരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല. ജയരാജിന് പലപ്പോഴും നേരിടേണ്ടി വന്ന ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
Read | സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്
തനിക്ക് പറ്റിയ ഒരു തെറ്റ് കാരണമാണ് മോഹന്‍ലാലുമായുള്ള ചിത്രം നടക്കാതെ പോയതെന്ന് ജയരാജ് പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇക്കാര്യം തുറന്ന് പറഞ്ഞത്. “ദേശാടനത്തിന് ശേഷം മഴയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങിയിരുന്നു. ഗാനങ്ങളും കോസ്റ്റിയൂമും ലൊക്കേഷനുമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ചിത്രം പക്ഷേ എന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം കൊണ്ട് മുടങ്ങുകയായിരുന്നു. കുടുംബത്തോടൊപ്പം ആഫ്രിക്കയില്‍ യാത്രപോയിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മാത്രം ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വന്നു. അപ്പോഴാണ് സിനിമ ഉപേക്ഷിക്കപ്പെട്ട വിവരം അദ്ദേഹം അറിഞ്ഞത്. നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നാണ് മോഹന്‍ലാല്‍ അപ്പോഴെന്നോട് ചോദിച്ചത്. ആ ഓര്‍മ ഉള്ളതിനാലാവാം അദ്ദേഹം ഞാനുമായി പിന്നീട് ചിത്രങ്ങള്‍ ചെയ്യാന്‍ സമ്മതം തരാത്തത്” – ജയരാജ് പറഞ്ഞു.
പിന്നീട് പല ചിത്രങ്ങളുടെയും തിരക്കഥകളുമായി മോഹന്‍ലാലിനെ സമീപിച്ചെങ്കിലും അദ്ദേഹം താല്‍പര്യം കാണിച്ചില്ലെന്നും. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ തിരക്കഥ നല്‍കിയപ്പോള്‍ മൂന്ന് വര്‍ഷം കയ്യില്‍ വച്ച ശേഷം താല്‍പര്യമില്ലെന്ന് പറഞ്ഞ് തിരികെ നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വീരത്തിന്റെ തിരക്കഥയുമായും മോഹന്‍ലാലിനെ സമീപിച്ചതായി ജയരാജ് പറഞ്ഞു.
മോഹന്‍ലാലിനെ വച്ച് താന്‍ ചെയ്യുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും അദ്ദേഹം സമ്മതിച്ചാല്‍ ഇനിയും അത് സംഭവിക്കാമെന്നും അദ്ദേഹം അറിയിച്ചു.