| Tuesday, 9th November 2021, 12:58 pm

എന്റെ മന്ത്രിമാര്‍ക്ക് ഹിന്ദിയറിയില്ല, ഇംഗ്ലീഷും; അമിത് ഷായ്ക്ക് മിസോറാം മുഖ്യമന്ത്രിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: മന്ത്രിസഭാംഗങ്ങള്‍ക്ക് ഹിന്ദി അറിയാത്തതുകൊണ്ട് ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മിസോറാം മുഖ്യമന്ത്രി സോറാംതംഗ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തിലാണ് തന്റെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ലെന്നും അതിനാല്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ സംസ്ഥാനത്ത് നിയമിക്കരുതെന്നും ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്രം പുതുതായി നിയമിച്ച രേണു ശര്‍മക്ക് പകരം അഡിഷണല്‍ ചീഫ് സെക്രട്ടറി ജെ.സി രാംതംഗയെ സംസ്ഥാനത്തെ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഹിന്ദി മാത്രമല്ല, ഇംഗ്ലീഷും അറിയില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ഭൂരിഭാഗം മിസോകള്‍ക്കും കാബിനറ്റ് മന്ത്രിമാര്‍ക്കാര്‍ക്കും ഹിന്ദി അറിയില്ലെന്നും ചില മന്ത്രിമാര്‍ക്ക് ഇംഗ്ലീഷും അറിയില്ലെന്നും സോറാംതംഗ പറയുന്നു. ഈ സാഹചര്യത്തില്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയുമൊത്ത് ജോലി ചെയ്യുന്നത് എല്ലാവര്‍ക്കും അസൗകര്യമായിരിക്കുമെന്നും ഏത് സംസ്ഥാനത്തായാലും ആ നാട്ടിലെ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിക്ക് മികച്ച രീതിയില്‍ ഭരണം നടത്തുക എന്നുള്ളത് ദുഷ്‌ക്കരമായിരിക്കുമെന്നും സോറാംതംഗ പറഞ്ഞു.

എന്‍.ഡി.എ സര്‍ക്കാറിലെ ഏറ്റവും വിശ്വസ്തനായ അംഗമെന്ന നിലയില്‍ തന്റെ അഭ്യര്‍ഥന സ്വീകരിക്കണമെന്നും അല്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ തന്നെ കളിയാക്കുമെന്നും സോറാംതംഗ കത്തില്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന ലാല്‍നുന്‍മാവിയ ചോംഗോ വിരമിച്ച ഒഴിവിലാണ് കേന്ദ്ര സര്‍ക്കാര്‍ രേണു ശര്‍മയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചത്. 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ രേണു ശര്‍മ നവംബര്‍ ഒന്നിനാണ് ചീഫ് സെക്രട്ടറിയായി ചാര്‍ജെടുത്തത്.

അതേ ദിവസം തന്നെ സംസ്ഥാന സര്‍ക്കാര്‍ ജെ.സി. രാംതംഗയെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. നിലവില്‍ മിസോറാമില്‍ രണ്ടു ചീഫ് സെക്രട്ടറിമാരാണ് ഉള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “My Ministers Don’t Know Hindi”: Mizoram Chief Minister To Amit Shah

We use cookies to give you the best possible experience. Learn more