ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയതും ആരാധക പിന്തുണയുള്ളതുമായ പോരാട്ടങ്ങളിലൊന്നാണ് റയലും ബാഴ്സയും തമ്മിൽ നടക്കുന്ന എൽ ക്ലാസിക്കോ മത്സരങ്ങൾ.
ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഈ മത്സരങ്ങൾ ലാ ലിഗയിൽ മെസിയും റൊണാൾഡോയും കളിച്ചിരുന്ന കാലത്ത് കാഴ്ചക്കാരുടെ എണ്ണത്തിൽ അതിന്റെ പാരമ്യതയിൽ എത്തിയിരുന്നു.
ഇറ്റാലിയൻ പരിശീലകനായ ആൻസലോട്ടിയുടെ കീഴിൽ റയൽ 2014ലും 2022ലും ചാമ്പ്യൻസ് ലീഗ് ട്രോഫി സ്വന്തമാക്കിയിരുന്നു. കൂടാതെ ലാ ലിഗ ടൈറ്റിലുകളും ക്ലബ്ബിനായി ആൻസലോട്ടി നേടിക്കൊടുത്തിരുന്നു.
വരുന്ന സീസണിൽ റയൽ മാഡ്രിഡ് വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ആൻസലോട്ടി ക്ലബ്ബ് വിട്ടാൽ ബാഴ്സയിലേക്ക് പോയേക്കുമെന്ന പ്രചരണങ്ങൾ ശക്തമായതോടെയാണ് ആൻസലോട്ടി തന്നെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.
ഫാബ്രിസിയോ റൊമാനോയാണ് വിഷയത്തിൽ ആൻസലോട്ടി നടത്തിയ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
‘ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും ബാഴ്സലോണയിൽ ചേരില്ല.
ആരെങ്കിലും അങ്ങനെ വിചാരിക്കുന്നെങ്കിൽ അത് ഒരിക്കലും നടക്കാത്ത കാര്യമായിരിക്കുമെന്ന് അറിയുക. എന്റെ ചരിത്രം ഇവിടെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡിലാണുള്ളത്. എന്നെ ഇവിടെയുള്ള ആളുകൾ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്,’ ആൻസലോട്ടി പറഞ്ഞു.
അതേസമയം തുടർച്ചയായ മൂന്ന് എൽ ക്ലാസിക്കോ മത്സരങ്ങളിൽ ബാഴ്സലോണക്ക് മുമ്പിൽ അടിപതറിയ റയൽ, കോപ്പാ ഡെൽ റേ രണ്ടാം പാദ സെമിയിൽ ബാഴ്സലോണയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി ടൂർണമെന്റിൽ നിന്നും പുറത്താക്കിയിരുന്നു. കരിം ബെൻസെമയുടെ ഇരട്ട ഗോളുകളിലാണ് ബാഴ്സയെ റയൽ മാഡ്രിഡ് തകർത്ത് വിട്ടത്.
അതേസമയം സ്പാനിഷ് ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലാ ലിഗയിൽ 27 മത്സരങ്ങളിൽ നിന്നും 23 വിജയങ്ങളുമായി 71 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.