അലഹബാദ്: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അഭാവത്തെതുടര്‍ന്ന് എഴുപത് കുട്ടികള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ കുറ്റക്കാരനെന്ന് മുദ്രകുത്തി അധികൃതര്‍ ജയിലിലാക്കിയ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍ കഫീല്‍ഖാന്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. കുടുംബാംഗങ്ങളെക്കണ്ട കഫീല്‍ ഖാന്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ജയിലിനു പുറത്തിറങ്ങിയത്.
മകളെ കണ്ടതോടെയായിരുന്നു കഫീല്‍ ഖാന്‍ നിയന്ത്രണം വിട്ട് കരഞ്ഞത്. “അധികാരികള്‍ കയ്യൊഴിഞ്ഞും കൈകഴുകിയും നോക്കിനിന്നപ്പോള്‍ ജീവന്റെ വിലയറിഞ്ഞ് കുറച്ച് കുരുന്നു ജീവനുകള്‍ക്ക് ജീവശ്വാസം പകര്‍ന്നതാണോ താന്‍ ചെയ്ത തെറ്റ്” എന്നു ചോദിച്ചുകൊണ്ടായിരുന്നു കഫീല്‍ ഖാന്‍ ജയിലിനു പുറത്തിറങ്ങിയത്. ജയിലിലെ ജീവിതം ഭീകരമായിരുന്നുവെന്നും ക്രിമിനലുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ജോലിയില്‍ തിരികെ കയറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തന്റെ ഭാവി യു.പി മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്റെ കൈകളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “തന്റെ ഭാവി ഇനി യോഗി ആദിത്യനാഥിന്റെ കൈകളിലാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ജോലിയില്‍ കയറണമെന്നാണ് തന്റെ ആഗ്രഹം” അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 2017ല്‍ അറസ്റ്റിലായ അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിരുന്നില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായാണ് പ്രവര്‍ത്തിച്ചതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.
ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍. എന്നാല്‍ സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി.