| Friday, 24th May 2019, 3:06 pm

''എം.പിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ആദ്യം ചെയ്യുന്ന കാര്യം ജിന്നയുടെ പടമെടുത്ത് പാക്കിസ്ഥാനിലേക്ക് അയക്കുക; വിവാദപ്രസ്താവനയുമായി ബി.ജെ.പി നിയുക്ത എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് വിജയം നേടി 24 മണിക്കൂര്‍ തികയുന്നതിനെ മുന്‍പേ വിവാദ പ്രസ്താവനയുമായി ബി.ജെ.പി നിയുക്ത എം.പി.

അലിഗഡ് പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സതീഷ് കുമാര്‍ ഗൗതമാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.

എം.പിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയാല്‍ താന്‍ ആദ്യം ചെയ്യുന്ന കാര്യം അലിഗഡ് സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന മുഹമ്മദലി ജിന്നയുടെ ചിത്രമെടുത്ത് പാക്കിസ്ഥാനിലേക്ക് അയച്ചുകൊടുക്കുകയാവും”- എന്നായിരുന്നു എം.പിയുടെ പ്രസ്താവന.

തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ചും എം.പിയായി അധികാരമേറ്റാല്‍ ജനങ്ങള്‍ക്ക് വേണ്ടി ആദ്യം ചെയ്യുന്ന കാര്യങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നും ഇദ്ദേഹത്തിന്റെ ഈ മറുപടി.

പാക് രാഷ്ട്രപിതാവ് മുഹമ്മദ് അലി ജിന്നയെ ചൊല്ലി വലിയ വിവാദമായിരുന്നു അടുത്തിടെ ഉയര്‍ന്നത്. ജിന്ന പ്രശ്നത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തിരുന്നു.

കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യയാണ് ആദ്യം രംഗത്തുവന്നത്. കാമ്പസില്‍ നിന്നു ചിത്രമെടുത്ത് മാറ്റണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

ജിന്നയുടെ ചിത്രം സര്‍വകലാശാലയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമിയും പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ രാജ്യത്തെ വിഭജിച്ചത് മുഹമ്മദ് അലി ജിന്നയാണെന്നും അതിനാല്‍ അലിഗഡ് മുസ്‌ലീം യൂണിവേഴ്സിറ്റിയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

80 വര്‍ഷമായി അലിഗഡ് യൂണിവേഴ്സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജിന്നയുടെ ചിത്രം 1938 മുതല്‍ യൂണിവേഴ്സിറ്റിയുടെ ചുവരില്‍ ഉണ്ടെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ”വിദ്യാര്‍ത്ഥി സംഘടനയായ എ.എം.യു.എസ് യു ജിന്നക്ക് ആജീവനാന്ത മെമ്പര്‍ഷിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ആദരമായാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി, ഡോ. ബി ആര്‍ അംബേദ്കര്‍, നെഹ്റു എന്നിവര്‍ക്കും എ.എം.എസ് യു ആജീവനാന്ത അംഗത്വം നല്‍കുകയും ചുവരില്‍ ചിത്രം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്”- എന്നും കോളജ് അധികൃതര്‍ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more