സാമൂഹിക പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ സിനിമയില്‍ ആവിഷ്‌ക്കരിക്കുന്ന സംവിധായകനാണ് പ്രകാശ് ഝാ. അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് ഇദ്ദേഹം പറയുന്നത്.
തന്റെ സിനിമകളെ എല്ലാ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ളതാകണമെന്ന് തനിയ്ക്ക് നിര്‍ബന്ധമുണ്ടെന്നും പ്രകാശ് പറയുന്നു.[]
“ഞാന്‍ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന വിഷയങ്ങള്‍ പലതും ഇന്നത്തെ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആയിരിക്കും. അവ പലതും സാധാരണക്കാരന് അന്യവുമായിരിക്കും.
എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ മത്സരിക്കേണ്ടത് ബോളിവുഡില്‍ ഇറങ്ങുന്ന മസാല പടങ്ങളോടൊപ്പമായിരിക്കും. തട്ടുപൊളിപ്പന്‍ ആക്ഷനും കോമഡിയും ഇഷ്ടപ്പെടുന്ന ഇന്നത്തെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഞാന്‍ ചെയ്യുന്ന സിനിമകള്‍ വരുന്നത്. അപ്പോള്‍ അത് പ്രേക്ഷകരെ കൊണ്ട് കാണിപ്പിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി.
എന്റെ സിനിമകള്‍ പലതും പ്രേക്ഷകരെ ആസ്വദിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല. അതുകൊണ്ട് തന്നെ എനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ എങ്ങനെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ സിനിമയിലൂടെ അവതരിപ്പിക്കാമെന്നാണ് ഞാന്‍ നോക്കുന്നത്”- ഝാ പറഞ്ഞു.
പ്രകാശ് ഝായുടെ ഗംഗാജല്‍,അപരന്‍, രാജ്‌നീതി എന്നീ ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുള്ള ചക്രവ്യൂഹ് എന്ന ചിത്രവും കൈകാര്യം ചെയ്ത വിഷയം നക്‌സലെറ്റുകളെ കുറിച്ചാണ്.
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള വിഷയം തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ഇന്ന് സമൂഹത്തില്‍ ആളുകള്‍ മനസിലാക്കേണ്ട പലതും ഇതിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.