| Thursday, 1st September 2022, 11:10 pm

അതെന്റെ വീട് തന്നെയാണ്, എന്റെ അപ്പന്റെ കഥയാണ് ആ സിനിമ: ജിയോ ബേബി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനും, ഫ്രീഡം ഫൈറ്റിനും ശേഷം ജിയോ ബേബി തിരക്കഥയും, സംവിധാനവും നിര്‍വഹിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ശ്രീധന്യ കാറ്ററിങ് സര്‍വീസ്.

ജിയോ ബേബിയെ കൂടാതെ മൂര്‍, പ്രശാന്ത് മുരളി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇപ്പോഴിതാ ശ്രീധന്യ കാറ്ററിങ് സര്‍വീസിന്റെ പ്രൊമോഷന്റെ ഭാഗമായി ഡൂള്‍ന്യൂസിന് കൊടുത്ത അഭിമുഖത്തില്‍ ഫ്രീഡം ഫൈറ്റ് എന്ന സിനിമയിലെ ഓള്‍ഡ് ഏജ് ഹോം എന്ന സെഗ്‌മെന്റ് എവിടെ നിന്ന് ഇന്‍സ്പയര്‍ ആയതാണെന്ന ഡൂള്‍ന്യൂസിലെ അന്ന കീര്‍ത്തി ജോര്‍ജിന്റെ ചോദ്യത്തിന് പ്രതികരിക്കുകയാണ് അദ്ദേഹം.

‘ എന്റെ വീട്ടിലെ കഥയാണ്, എന്റെ അപ്പന്റെ കഥയാണ്. എന്റെ അമ്മയാണ് അത്, ലാലിയെയും എന്റെ അമ്മയെയും കണ്ടാല്‍ ഒരേപോലെ ഇരിക്കും, അതാണ് ഞാന്‍ ലാലിയെ കാസ്റ്റ് ചെയ്തത്.

ഞാന്‍ കുഞ്ഞു ദൈവം എന്ന സിനിമ ചെയ്ത സമയത്ത് എന്റെ ഫാദര്‍ ഭയങ്കര ആക്ടീവായി നിന്ന ആളാണ്. പെട്ടന്നാണ് ഓള്‍ഡ് ഏജ് ഹോമിലെ ജോജുവിന്റെ കഥാപാത്രത്തെപ്പോലെ മറവി വരുന്നു, സ്ലോ ആകുന്നു, ഡൗണ്‍ ആകുന്നു.

എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു അപ്പന്‍. അങ്ങനെ നിന്ന എനിക്ക് പോലും ഈ അവസ്ഥ പല സമയത്തും പ്രശ്‌നമുണ്ടാക്കുന്നുണ്ടായിരുന്നു. നമുക്ക് ദേഷ്യം വരുന്നുണ്ടെന്ന് പുള്ളിക്കും അറിയാമായിരുന്നു.

പുള്ളിക്ക് പ്രഷറുണ്ട്, ഷുഗറുണ്ട് അതെല്ലാം നമ്മള്‍ ഭയങ്കരമായി ശ്രദ്ധിച്ചിരുന്നു.
പുള്ളിയുടെ മേല്‍ ഞങ്ങള്‍ റെസ്ട്രിക്ഷനുകള്‍ വെച്ചിരുന്നു, അങ്ങനെ ചെയ്യാന്‍ പറ്റില്ല… ഇങ്ങനെ ചെയ്യാന്‍ പറ്റില്ല എന്നൊക്കെ.

എന്റെ പാര്‍ട്ണര്‍ ബീനയുടെ അമ്മ എന്റെ വീട്ടില്‍ വരുമ്പോഴാണ് പുള്ളിക്ക് ഒരു മധുരമിട്ട ചായയോ, മധുര പലാഹാരങ്ങളോ കിട്ടുന്നത്. പുള്ളിക്ക് സംസാരിക്കാനൊരു ആളെ കിട്ടുന്നത് ബീനയുടെ അമ്മയിലൂടെയാണ്. അതിലൂടെ ഇവര്‍ തമ്മില്‍ ഭയങ്കര സൗഹൃദം ഉണ്ടാവുന്നതാണ് ഞങ്ങള്‍ കാണുന്നത്.

അതിനെ ഒരു പ്രണയം എന്ന് വിളിക്കാന്‍ കഴിയില്ല. ഊഷ്മളമായ സൗഹൃദമാണ്, അവര്‍ക്ക് ഒരുപാട് സംസാരിക്കാനുണ്ട്. രണ്ട് നാടുകളില്‍ നിന്ന് വന്ന ഇവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പങ്കുവെക്കാനുണ്ടായിരുന്നു.

ഇതില്‍ നിന്നാണ് ഓള്‍ഡ് ഏജ് ഹോമിന്റെ ആദ്യ ആലോചനകള്‍ ഉണ്ടാകുന്നത്. അത് ജോജുവിന് നേരത്തെ അറിയാമായിരുന്നു, ജോജു ചേട്ടന് ആ ക്യാരക്ടര്‍ ചെയ്യാന്‍ ഭയങ്കര ക്രേസ് ആയിരുന്നു. പക്ഷേ അതൊരു സിനിമയാക്കാനുള്ള ലെങ്ത്തിലേക്ക് എത്താത്തത് പോലെ എനിക്ക് തോന്നി, അപ്പോഴാണ് ഇങ്ങനെയൊരു ആന്തോളജി വരുന്നത്.’ ജിയോ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Content Highlight: My father’s story is in that movie; Director Jeo Baby talks about old age home

We use cookies to give you the best possible experience. Learn more