| Thursday, 11th July 2019, 12:19 pm

വിശ്വാസ്യതയും കൂറും; മനോഹര്‍ പരീക്കറിന്റെ കാലത്തെ ബി.ജെ.പിയുടെ മൂല്യങ്ങള്‍ ഇല്ലാതായെന്ന് മകന്‍ ഉത്പല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പനാജി: മനോഹര്‍ പരീക്കറുടെ മരണശേഷം ബി.ജെ.പി അത്രയും കാലം സൂക്ഷിച്ചിരുന്ന മൂല്യങ്ങള്‍ കൈവിട്ട് വഴി മാറി നടന്നെന്ന് അദ്ദേഹത്തിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍. ഗോവയില്‍ 10 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉത്പല്‍.

മനോഹര്‍ പരീക്കറിന്റെ കാലത്ത് ബി.ജെ.പിയുടെ അടിസ്ഥാനം ‘വിശ്വാസ്യത, കൂറ്’ എന്നീ വാക്കുകളായിരുന്നു. മാര്‍ച്ച് 17 ഓടെ ഇത് ഇല്ലാതായി. പാര്‍ട്ടി പുതിയ വഴി തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് ശരിയായിരുന്നോ എന്ന് കാലം തെളിയിക്കും. ഉത്പല്‍ പരീക്കര്‍ പറഞ്ഞു.

ബി.ജെ.പിയില്‍ തുടരുമെന്നും പാര്‍ട്ടിയിലെ വെറ്ററന്‍ നേതാക്കള്‍ക്കുള്ള പിന്തുണ തുടരുമെന്നും ഉത്പല്‍ പറഞ്ഞു.

പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റില്‍ ബി.ജെ.പി ഉത്പലിനെ നിര്‍ത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സിദ്ധാര്‍ത്ഥ് കുന്‍കാലിയേങ്കര്‍ക്ക് സീറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് അംഗം അത്തനാസിയോ മൊണ്‍സെരാറ്റേയാണ് ജയിച്ചത്.

മൊണ്‍സെരാറ്റേയ്‌ക്കെതിരെയും ഉത്പല്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ താന്‍ എവിടെയായിരിക്കുമെന്ന് മൊണ്‍സെരാറ്റേയ്ക്ക് അറിവുണ്ടാവില്ലെന്ന് ഉത്പല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more