ബുലന്ദ്ശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശ്വറില്‍ ഗോവധമാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെ ജീവന്‍ നഷ്ടമായ സ്വന്തം പിതാവിന്റെ വിയോഗത്തില്‍ തേങ്ങി മകന്‍ അഭിഷേക്.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാത്ത, ഒരു നല്ല പൗരനായി എന്നെ വളര്‍ത്താനായിരുന്നു എന്റെ അച്ഛന്‍ ആഗ്രഹിച്ചതെന്നും എന്നാല്‍ ഇന്ന് ഹിന്ദു-മുസ്‌ലീം തര്‍ക്കത്തിന്റ പേരില്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടെന്നും അഭിഷേക് പറയുന്നു.
“”മതത്തിന്റെ പേരില്‍ സമൂഹത്തില്‍ അക്രമങ്ങള്‍ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാത്ത, ഒരു നല്ല പൗരനായി എന്നെ വളര്‍ത്താനായിരുന്നു എന്റെ അച്ഛന്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇന്ന് ഹിന്ദു-മുസ്‌ലീം തര്‍ക്കത്തിന്റ പേരില്‍ എന്റെ അച്ഛന് ജീവന്‍ നഷ്ടപ്പെട്ടു. നാളെ ആരുടെ പിതാവിന്റെ ജീവനാണ് നഷ്ടപ്പെടാനിരിക്കുന്നത്””- സുബോധ് കുമാര്‍ സിങ്ങിന്റെ മകന്‍ അഭിഷേക് ചോദിക്കുന്നു.
പശുവിറച്ചി പാടത്ത് തൂക്കിയിട്ട നിലയില്‍, ബുലന്ദ്ശഹര്‍ കലാപം ആസൂത്രിതമെന്ന് സംശയം
അതേസമയം തന്റെ സഹോദരന് ജീവന്‍ നഷ്ടമായത് അഖ്‌ലാഖ് കൊലപാതക കേസ് അന്വേഷണം നടത്തിയതുകൊണ്ടാണെന്ന് സുബോധിന്റെ സഹോദരിയും ആരോപിച്ചു. ഇതിന് പിന്നില്‍ പൊലീസിന്റെ വലിയ ഗൂഢാലോചനയുണ്ട്. അദ്ദേഹത്തെ രക്തസാക്ഷിയാക്കുകയും രക്തസാക്ഷി മണ്ഡപം പണിയുകയും വേണം. ഞങ്ങള്‍ക്ക് നഷ്ടപരിഹാരമായി പണം വേണ്ട. പശു പശു എന്ന് ജപിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥെന്നും സഹോദരി പറഞ്ഞു.
ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നതും സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയതെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
സുബോധ് കുമാറിനെ എറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറപ്പുള്ള വസ്തുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. ഔദ്യോഗിക വാഹനത്തില്‍ വെടിയേറ്റ് താഴേക്ക് തൂങ്ങിക്കിടക്കുന്ന സുബോധ് കുമാറിന്റെയും ചുറ്റും യുവാക്കള്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.