| Tuesday, 8th March 2016, 7:44 am

ആദിവാസികള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ മുഖമാണ് ഇപ്പോള്‍ എന്റേത്: ആസിഡ് ആക്രമണത്തിനുശേഷം സോണി സോറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

  ന്യൂദല്‍ഹി: ബസ്താറിന്റെ പോരാട്ടത്തിന്റെ മുഖമാണ് എന്റെ ഇപ്പോഴത്തെ മുഖമെന്ന് ആദിവാസി നേതാവ് സോണി സോറി. രണ്ടിന്റെയും അവസ്ഥ ഒന്നാണെന്നും അവര്‍ പറഞ്ഞു. ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

നക്‌സലുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കള്ളക്കേസ് മെനഞ്ഞാണ് എന്നെ ജയിലില്‍ അടച്ചത്. അതുപോലെയാണ് തീവ്രവാദികളുമായി ബന്ധമുണ്ടെന്നു പറഞ്ഞ കനയ്യകുമാറിനെ ജയിലിലിട്ടത്. കനയ്യയ്ക്കു ജാമ്യം ലഭിക്കുന്നതിനുവേണ്ടി ജെ.എന്‍.യു നടത്തിയ ശക്തമായ പോരാട്ടങ്ങളില്‍ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

“പോലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മിണ്ടില്ല. കനയ്യയുടെ കേസില്‍ അവര്‍ എല്ലാ അടവും പയറ്റിനോക്കി. എന്നാല്‍ കനയ്യയ്‌ക്കെതിരെ ഒരു തെളിവുപോലും കണ്ടെത്താനായില്ല. 2011മുതല്‍ എന്റെ പോരാട്ടങ്ങള്‍ക്ക് ജെ.എന്‍.യു വിദ്യാര്‍ഥികളുടെ പിന്തുണയറിയിച്ചിരുന്നു.” സോണി സോറി വ്യക്തമാക്കി.

എ.എ.പി നേതാവുകൂടിയായ സോണി സോറിയെ എ.എ.പിയാണ് ദല്‍ഹിയിലെത്തിച്ചത്. അവിടെ നിന്നും അവരെ ആശുപത്രിയിലേക്കു കൊണ്ടുപോയി. സോണിയെ ആക്രമിക്കാന്‍ ഉപയോഗിച്ച കെമിക്കല്‍ പ്രാദേശിക ഡോക്ടര്‍മാര്‍ക്ക് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

2011ല്‍ ഛത്തീസ്ഗഢില്‍ വെച്ച് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ദല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് സോണി സോറിയെ അറസ്റ്റു ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന സമയത്ത് സോണി സോറിയെ പോലീസ് ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്തിരുന്നു. 2013 ഏപ്രിലില്‍ തെളിവുകളുടെ അഭാവത്തില്‍ കോടതി സോണിയ്‌ക്കെതിരെ ചുമത്തിയ എട്ടില്‍ ആറു കേസുകളില്‍ നിന്നും അവരെ കുറ്റവിമുക്തയാക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more