അവനെ ഞാന്‍ അന്ധമായി വിശ്വസിച്ചു; സുവേന്തു അധികാരിയെക്കുറിച്ച് മമതാ ബാനര്‍ജി
West Bengal Election 2021
അവനെ ഞാന്‍ അന്ധമായി വിശ്വസിച്ചു; സുവേന്തു അധികാരിയെക്കുറിച്ച് മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th March 2021, 6:27 pm

കൊല്‍ക്കത്ത: പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്തു അധികാരിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചതിയന്‍മാര്‍ക്ക് ബംഗാളിലും തൃണമൂലിലും സ്ഥാനമില്ലെന്ന് മമത പറഞ്ഞു.

‘അവനെ ഞാന്‍ അന്ധമായി വിശ്വസിച്ചു. അവനോടുള്ള എന്റെ കരുതല്‍ അന്ധമായിരുന്നു. പക്ഷെ അവന്‍ നമ്മളെ എല്ലാവരേയും ചതിച്ചു. ചതിയന്‍മാര്‍ക്ക് ഇവിടെ സ്ഥാനമില്ല. ഇനിയും സഹിക്കാനാവില്ല’, മമത പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ ഭാവി നിര്‍ണയിക്കുമെന്നും മമത പറഞ്ഞു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിശ്വസിച്ച് വോട്ട് ചെയ്തവരെ കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും മമത കുറ്റപ്പെടുത്തി.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറിയ സുവേന്തു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടാനൊരുങ്ങുകയാണ് മമത ബാനര്‍ജി.

താന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കുമെന്നും നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണെന്നുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം നടന്ന പൊതുപരിപാടിയില്‍ മമത പറഞ്ഞത്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തില്‍ എത്താന്‍ മമത ബാനര്‍ജിയെ സഹായിച്ചത് നന്ദിഗ്രാമിലെ കര്‍ഷകര്‍ക്കൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്.

2007 ല്‍ പൊലീസും കര്‍ഷകരും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ 14 കര്‍ഷകരാണ് കൊല്ലപ്പെട്ടത്. അതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ വിജയിച്ചു.

അതേസമയം, മമത നന്ദിഗ്രാമില്‍ മത്സരിച്ചാല്‍ അത് സുവേന്തു അധികാരിക്ക് വലിയ തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നന്ദിഗ്രാമിന്റെ ശക്തമായ പിന്തുണയോടെയാണ് സുവേന്തു തൃണമൂലിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: My Care Towards Him Was Blind…’: Mamata Banerjee Sharpens Attack on ‘Traitor’ Suvendu Adhikari