തമിഴ്നാട്ടിലെ ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നു എന്ന് ബി.ജെ.പി പ്രചരിപ്പിക്കാൻ കാരണം പ്രതിപക്ഷ ഐക്യത്തിന് ഞാൻ നടത്തിയ ആഹ്വാനം: എം.കെ സ്റ്റാലിൻ
national news
തമിഴ്നാട്ടിലെ ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നു എന്ന് ബി.ജെ.പി പ്രചരിപ്പിക്കാൻ കാരണം പ്രതിപക്ഷ ഐക്യത്തിന് ഞാൻ നടത്തിയ ആഹ്വാനം: എം.കെ സ്റ്റാലിൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th March 2023, 4:35 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ഇതരസംസ്ഥാനത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയാണെന്ന വ്യാജ വാർത്ത പ്രചരിക്കാൻ കാരണം പ്രതിപക്ഷ ഐക്യത്തിന് താൻ നടത്തിയ ആഹ്വാനമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തമിഴ്‌നാട്ടിൽ ഒരു ഇതരസംസ്ഥാന തൊഴിലാളി പോലും പീഡിപ്പിക്കപ്പെടുന്നില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. വർഷങ്ങളായി അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നും അവർക്ക് വേണ്ട സഹായങ്ങൾ സർക്കാർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഊങ്കളിൽ ഒരുവൻ എന്ന ചോദ്യോത്തരപരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിലയാളുകൾ വ്യാജവാർത്തകളും വീഡിയോകളും പടച്ചുവിടുകയാണ്. ഉത്തരേന്ത്യയിലെ ബി.ജെ.പിക്കാർ ഇത് ചെയ്തത് പ്രത്യേക അജണ്ടയോടെയാണ്. പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളുമായി കൈകോർത്ത് തൊട്ടടുത്ത ദിവസം മുതലാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടന്നത് എന്നതിനെ കുറിച്ച് ചിന്തിക്കാതെ നിങ്ങൾക്ക് ഒരിക്കലും പ്രചരണങ്ങളുടെ പിന്നിലെ സത്യാവസ്ഥ മനസിലാക്കാൻ സാധിക്കില്ല,’ സ്റ്റാലിൻ പറഞ്ഞു.

മാർച്ച് ഒന്നിന് നടന്ന സ്റ്റാലിന്റെ പിറന്നാളാഘോഷ ചടങ്ങുകളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിക്കാൻ അനുവദിക്കരുതെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.

ഇതരസംസ്ഥാന തൊളിഴിലാളികൾ ആക്രമിക്കപ്പെടുകയാണെന്ന വാർത്തയറിഞ്ഞതിന് പിന്നാലെ ഇവരുമായി സംസാരിച്ചിരുന്നുവെന്നും പ്രയാസങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

‘ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഒരു ചെറിയ പ്രയാസം പോലും അവർക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കിയതായും അദ്ദേഹത്തോട് പറഞ്ഞു,’ സ്റ്റാലിൻ വ്യക്തമാക്കി.

അതേസമയം ഇതരസംസ്ഥാന തൊഴിലാളികൾ അക്രമിക്കപ്പെടുന്നുവെന്ന വ്യാജവാർത്ത പ്രസിദ്ധീകരിച്ച തീവ്ര വലതുപക്ഷ മാധ്യമമായ ഓപ് ഇന്ത്യയുടെ എഡിറ്റർ നുപുർ ശർമ, സി.ഇ.ഒ രാഹുൽ റോഷൻ എന്നിവർക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു.

ഡി.എം.കെയുടെ ഐ.ടി സെൽ ഭാരവാഹിയായ സൂര്യപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഓപ് ഇന്ത്യ പുറത്തുവിട്ട വ്യാജവാർത്തകൾ സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ ഭീതിയുണ്ടാക്കുന്നതാണെന്നും, ഇത് നാട്ടുകാരും തൊഴിലാളികളും തമ്മിൽ സംഘർഷത്തിന് കാരണമായെന്നും സൂര്യപ്രകാശ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ താലിബാൻ മോഡൽ ആക്രമണം നടക്കുകയാണെന്നായിരുന്നു ഓപ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത്തരം ആക്രമണങ്ങളിൽ 15ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

നേരത്തെ സംസ്ഥാനത്തെ ഇതരസംസ്ഥാനതൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജ വാർത്ത നൽകിയതിന് ദൈനിക് ഭാസ്‌കർ ദിനപത്രത്തിന്റെ എഡിറ്ററും മാധ്യമപ്രവർത്തകനെന്ന് അവകാശപ്പെടുന്നയാളുമായ തൻവീർ അഹമ്മദ്, ബി.ജെ.പിയുടെ ബിഹാർ വക്താവ് പ്രശാന്ത് കുമാർ എന്നിവർക്കെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തിരുന്നു.

Content Highlight: My call for opposition unity is the reason why BJP is spreading the fake news that migrant workers are being attacked in Tamil Nadu: MK Stalin