കോഴിക്കോട്: “എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്” എന്ന പോസ്റ്റ് താന്‍ എഴുതിയതല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ഉണ്ണിത്താന്‍ രംഗത്ത്.
പ്രിയപ്പെട്ടവരേ, എന്റെ അക്കൗണ്ട് ഇന്നലെ ഹാക്ക് ചെയ്യപ്പെട്ടതാണ്. എന്റെ പ്രൊഫൈല്‍ തിരിച്ചുപിടിച്ച ഉടനെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വോട്ടവകാശം പോലും ഇല്ലാത്ത ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടത്? അഭിപ്രായ സ്വാതന്ത്യം എല്ലാവര്‍ക്കും ഉണ്ട്. ഓരോരുത്തവര്‍ അവരുടെ അഭിപ്രായം പറയുമ്പോള്‍ അവര്‍ക്ക് നേരെ കല്ലെറിയരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അമല്‍ ഉണ്ണിത്താന്‍ കുറിയ്ക്കുന്നു.
“എന്റെ വോട്ട് ബി.ജെ.പിക്ക്, അഛന്റെ വോട്ട് കോണ്‍ഗ്രസിന്” എന്നായിരുന്നു അമലിന്റെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നും വന്ന പോസ്റ്റ്.
ബി.ജെ.പിയുടെ പതാകയുടെ ചിത്രസഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റ് ചെയ്ത മുസ്ലിം നാമധാരികളെ മൊത്തം ജിഹാദികളാക്കിക്കൊണ്ടായിരുന്നു അമലിന്റെ പേരില്‍ കമന്റുകളും വന്നത്. തന്റെ അച്ഛന്‍ അഴിമതിക്കാരുടെ അടിമയാണെന്നും കമന്റില്‍ അമല്‍ ആരോപിക്കുകയുണ്ടായി.
Also Read ബി.ജെ.പിയുടേതുപോലെ തരംതാഴ്ന്ന രാഷ്ട്രീയം ഞങ്ങള്‍ കളിക്കില്ല; ആരുടേയും സഹായം ആവശ്യമില്ല: സര്‍ക്കാര്‍ രൂപീകരിച്ചിരിക്കും: കോണ്‍ഗ്രസ് നേതാവ് എന്‍.എ ഹാരിസ്
പോസ്റ്റിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുമായി നിരവധി കോണ്‍ഗ്രസുകാരാണ് അമലിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത്. എന്നാല്‍ അവരെ രൂക്ഷഭാഷയില്‍ തെറി വിളിക്കുകയും മുസ്ലിം പേരുള്ളവരെ ജിഹാദികളെന്ന് വിളിക്കുകയുമാണ് അമല്‍ ചെയ്തത്.
അതിനിടെ രാജ്മോഹന്‍ ഉണ്ണിത്താനെക്കുറിച്ച് പറഞ്ഞ ഒരാളോട് തന്റെ അച്ഛന്‍ അഴിമതിക്കാരുടെ അടിമയാണെന്നും അമല്‍ ഐഡിയില്‍ നിന്നും മറുപടി പറഞ്ഞു.
“ബ്രൊ, എന്റെ അച്ഛന്‍ 48 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ അടിമയാണ്. ഇപ്പോ പ്രതികരിക്കാനുള്ള സമയമാണ്.” എന്നായിരുന്നു അമലിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന പ്രതികരണം.