|

ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ തന്നെ മന്ത്രിമന്ദിരത്തില്‍ ഒളിപ്പിച്ചത് എം.വി.ആറായിരുന്നെന്ന് കെ.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗം ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ തന്നെ മന്ത്രിമന്ദിരത്തിലൊളിപ്പിച്ചത് എം.വി രാഘവനായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. എം.വി.ആറിന്റെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സി.എം.പി (സി.പി.ജോണ്‍ വിഭാഗം) സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.

1995 ലാണ് ഇ.പി ജയരാജന്‍ ട്രെയിനില്‍ വെച്ചു ആക്രമിക്കപ്പെടുന്നത്. സി.പി.ഐ.എമ്മില്‍ നിന്നും പുറത്തായ എം.വി.ആര്‍ സി.എം.പി രൂപീകരിച്ച സമയമായിരുന്നു അത്. കെ.സുധാകരന്‍ ആ സമയത്ത് കണ്ണൂരില്‍ സി.പി.ഐ.എമ്മിനെ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസ് മുഖമായിരുന്നു.


Also Read: പുറത്തു വന്നത് ‘കഥാ സരിത സാഗരം’; സോളാര്‍ റിപ്പോര്‍ട്ട് താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം: എം.എം ഹസന്‍


അന്നു യു.ഡി.എഫ് സര്‍ക്കാരില്‍ സഹകരണ മന്ത്രിയായിരുന്നു രാഘവന്‍. സുധാകരന്‍ എം.എല്‍.എയും. എം.വി.ആറും സുധാകരനും ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികളായിരുന്നു ഇ.പി ജയരാജനെ ആക്രമിക്കാന്‍ വന്നവരെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ ആരോപണം.

പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു കേരളത്തിലേക്കു ട്രെയിനില്‍ മടങ്ങുന്നതിനിടെയാണ് ഇ.പി.ജയരാജനു വെടിയേറ്റത്. ആന്ധ്രയിലെ ഓംഗോളിലൂടെയായിരുന്നു അപ്പോള്‍ ട്രെയിന്‍ സഞ്ചരിച്ചിരുന്നത്. അക്രമി തൊട്ടുമുന്‍പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു.


Also Read: ജയ് ഹിന്ദ് രവീ നിങ്ങള്‍ മലര്‍ന്ന് കിടന്ന് തുപ്പരുത്; നിങ്ങളെ സല്ല്യൂട്ട് ചെയ്ത നിമിഷങ്ങളോര്‍ത്ത് സൈനികര്‍ ലജ്ജിക്കുന്നുണ്ടാകും; മേജര്‍ രവിക്കെതിരെ എം എ നിഷാദ്


വെടിവച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീടു പിടിയിലായി. ജയരാജന്‍ തനിക്കെതിരെ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ ആന്ധ്ര പൊലീസ് തിരുവനന്തപുരത്തെത്തിയപ്പോള്‍ രക്ഷിച്ചത് എം.വി.ആര്‍ ആയിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

പൊലീസ് എത്തുമെന്നു നേരത്തെ വിവരം കിട്ടിയ എം.വി.ആര്‍ പാര്‍ട്ടി ഓഫീസിലെത്തി തന്നെ കാറില്‍ കയറ്റി ഔദ്യോഗിക വസതിയിലെത്തിക്കുകയായിരുന്നെന്ന് സുധാകരന്‍ പറയുന്നു. താന്‍ മന്ത്രിമന്ദിരത്തിലുണ്ടെന്ന് വിവരം അറിഞ്ഞെത്തിയ പൊലീസുകാരെ വസതിയില്‍ കയറി പരിശോധിക്കുന്നതില്‍ നിന്നും വിലക്കിയതും എം.വി.ആറായിരുന്നെന്നും സുധാകരന്‍ ഓര്‍ക്കുന്നു. പിറ്റേന്ന് സി.ഐ വന്നപ്പോഴും കുപിതനായ എം.വി.ആര്‍ അദ്ദേഹത്തെ മടക്കിയക്കുകയായിരുന്നെന്നും സുധാകരന്‍ പറയുന്നു.


Also Read: ‘മാസൊക്കെ ഗ്രൗണ്ടില്‍ മതി വീട്ടില്‍ ഭാര്യയാണ് ബോസ്’; സാക്ഷിയെ ഇംപ്രസ് ചെയ്യാന്‍ ധോണിയുടെ രസികന്‍ ഡാന്‍സ്; മകള്‍ പാടി മയക്കിയപ്പോള്‍ അച്ഛന്‍ ആടി മയക്കുന്നുവെന്ന് ആരാധകര്‍, വീഡിയോ


അവിടെ എത്ര ദിവസം വേണമെങ്കിലും ഒളിവില്‍ കഴിയാന്‍ എം.വി.ആര്‍ അനുവാദം തന്നിരുന്നതായും സുധാകരന്‍ പറഞ്ഞു. ആന്ധ്രാ പൊലീസിന്റെ നിരീക്ഷണത്തെ മറികടന്ന് മന്ത്രിമന്ദിരത്തില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ചതും രാഘവനായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

ജയരാജന്‍ വധശ്രമക്കേസില്‍ രാഘവനെയും സുധാകരനെയും പിന്നീട് ആന്ധ്ര ഓംഗോള്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇരുവരെയും പ്രതി ചേര്‍ക്കണമെന്നു വാദിഭാഗം ആവശ്യപ്പെട്ടെങ്കിലും ആന്ധ്ര ഹൈക്കോടതിയും സുപ്രീം കോടതിയും ആവശ്യം തള്ളുകയായിരുന്നു.