കണ്ണൂര്‍: ഞായറാഴ്ച്ച അന്തരിച്ച മുന്‍മന്ത്രിയും സി.എം.പി ജനറല്‍ സെക്രട്ടറിയുമായ എം.വി.രാഘവന്റെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ പയ്യാമ്പലത്താണ് സ്ംസ്‌കാര ചടങ്ങുകള്‍ നടന്നത്. മൃതദേഹം പൊതുദര്‍ശനത്തിനു വച്ച സി.എം.പി ഓഫീസിലും ടൗണ്‍ സ്‌ക്വയറിലുമായി ആയിരക്കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
ഇന്നലെ രാവിലെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ച് എം.വി.ആര്‍ അന്തരിച്ചത്. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു മറവിരോഗം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാക്കളില്‍ ഒരാളായ എം.വി.ആര്‍ 1991 ലും 1996 ലും സഹകരണ വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂര്‍(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) എന്നീ നിയോജകമണ്ഡലങ്ങളെ ഇദ്ദേഹം നിയമസഭയില്‍ പ്രതിനിധാനം ചെയ്തു.
സി.വി. ജാനകിയാണ് ഭാര്യ. മക്കള്‍: എം.വി. ഗിരിജ (അര്‍ബന്‍ ബാങ്ക്), എം.വി. ഗിരീഷ് കുമാര്‍(പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്, എം.വി. നികേഷ് കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി). മരുമക്കള്‍: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി (പെന്‍ഷന്‍ ബോര്‍ഡ് പിആര്‍ഒ), പ്രിയ, റാണി (റിപ്പോര്‍ട്ടര്‍ ടിവി).