| Wednesday, 30th October 2019, 8:20 am

കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന്റെ ആദരം; യൂസഫ് തരിഗാമിക്ക് എം.വി.ആര്‍ പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വര്‍ഷത്തെ എം.വി.ആര്‍ പുരസ്‌കാരം കശ്മീരിലെ സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക്. കശ്മീരിലെ പ്രശ്‌നങ്ങളില്‍ തരിഗാമിയെടുത്ത നിലപാടുകളെ ആദരിക്കാനാണ് പുരസ്‌കാരം.

നവംബര്‍ ഒമ്പതിന് കണ്ണൂരില്‍ വെച്ചാണ് പുരസ്‌കാര ദാനം. എം.വി.ആര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ തരിഗാമി കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് തരിഗാമിയടക്കമുള്ള നേതാക്കളെ കേന്ദ്രം വീട്ടുതടങ്കലിലടക്കുകയായിരുന്നു.

തരിഗാമിയെക്കാണാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് തരിഗാമിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതായി ചൂണ്ടിക്കാട്ടി യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത് ശേഷമാണ് അദ്ദേഹത്തിന് ദല്‍ഹിയിലേക്ക് വരാന്‍ കഴിഞ്ഞത്.

ജമ്മു കശ്മീര്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും താഴ്വരയിലെ ഏക കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയുമാണ് മുഹമ്മദ് യൂസഫ് തരിഗാമി. 1996 മുതല്‍ തരിഗാമിയാണ് കുല്‍ഗാം മണ്ഡലത്തെ പ്രതിനിധീകരിച്ച് പോരുന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഇദ്ദേഹം ഇടതുപക്ഷത്തേക്ക് എത്തുന്നത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ കൈ എടുത്തതിന് തുടര്‍ച്ചയായ വിജയം നല്‍കിയാണ് താഴ്‌വര ഈ കമ്മ്യൂണിസ്റ്റ് നേതാവിനെ സ്വീകരിച്ചത്.

ജമ്മു കശ്മീരിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പോരാടുന്ന അവാമി മുത്താഹിദ മഹസ് (എ.എം.എം) എന്ന സംഘടനയുടെ ചെയര്‍മാനായും തരിഗാമി പ്രവര്‍ത്തിക്കുന്നുണ്ട്.

വികസനത്തിനും ഇന്ത്യ-പാക് സൗഹൃദത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാട്ടമാണ് അദ്ദേഹം നടത്തുന്നത്. കശ്മീരിലെ പരിസ്ഥിതി കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയാണ് തരിഗാമി. സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ വികസനത്തിനുവേണ്ടി എന്നും ഇദ്ദേഹം വാദമുയര്‍ത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more