തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായ എം.എല്‍.എ എം.വിന്‍സന്റിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ പോലീസ് ആവശ്യപ്പെടാത്തതിനാല്‍ വിന്‍സെന്റിനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ടുപോയി.
ഇന്ന് ഉച്ചക്കാണ് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ എം. വിന്‍സെന്റ് എം.എല്‍.എ അറസ്റ്റിലായത്. എം.എല്‍.എ ഹോസ്റ്റലില്‍ നാലുമണിക്കൂറോളം ചോദ്യംചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.
ഉന്നത പൊലീസുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. വിന്‍സെന്റിനെതിരെ വീട്ടമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിന്‍സെന്റിനെ ചോദ്യം ചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസും അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. നിയമനടപടികളുമായി പൊലീസിന് മുന്നോട്ട് പോവാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.
എം വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ വിന്‍സെന്റിനെതിരെ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും ശക്തമാണെന്ന് പൊലീസ് പറഞ്ഞു.
വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആറില്‍ പീഡനം കൂടി ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് അറസ്റ്റിന് കാരണമെന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ വിന്‍സെന്റ് പറഞ്ഞിരുന്നു. നിരപരാധിത്വം തെളിയിക്കാനുള്ള നിയമപോരാട്ടം ആരംഭിക്കുകയാണ്. ഇത്തരം കേസുകളില്‍ രാജിവെച്ച ചരിത്രമില്ലെന്നും എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.