കോഴിക്കോട്: എല്‍.ജെ.ഡി- ജെ.ഡി.എസില്‍ ലയിക്കുമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍. ഇരുപാര്‍ട്ടികളും തമ്മിലുള്ള വിയോജിപ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചെന്നും ഇനി വിയോജിപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ജെ.ഡി.എസ് പ്രസിഡന്റ് മാത്യു ടി. തോമസ് പുതിയ പാര്‍ട്ടിയെ നയിക്കുമെന്ന് സൂചന നല്‍കിയ ശ്രേയാംസ്‌കുമാര്‍ തന്റെ സ്ഥാനമാനങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും പറഞ്ഞു. ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കാനാണ് ഇരുപാര്‍ട്ടികളുടേയും തീരുമാനിക്കും.
‘ഇനി എല്‍.ജെ.ഡി ഇല്ല. ജെ.ഡി.എസായി തുടരും. പാര്‍ട്ടി ഒന്നാവുമ്പോള്‍ ഭാവി കാര്യങ്ങള്‍ ആ പാര്‍ട്ടിയാണ് തീരുമാനിക്കുക.വര്‍ഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുവീഴ്ചയില്ല.
പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തില്‍ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കും,’ ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
13 വരഷത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും ഒന്നിക്കുന്നത്. ലയനത്തിനുമുന്നോടിയായി എല്‍.ജെ.ഡി നേതാക്കള്‍ എല്‍.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ചനടത്തിയപ്പോള്‍ ജെ.ഡി.എസില്‍ ലയിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിര്‍ദേശിച്ചിരുന്നു.
എം.വി. ശ്രേയാംസ്‌കുമാര്‍, ഡോ. വര്‍ഗീസ് ജോര്‍ജ്, കെ.പി. മോഹനന്‍ എം.എല്‍.എ. ചാരുപാറ രവി, വി. കുഞ്ഞാലി, എം.കെ. ഭാസ്‌കരന്‍, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ സമിതിയാണ് ലയനകാര്യത്തില്‍ എല്‍.ജെ.ഡിക്കായി രൂപരേഖയുണ്ടാക്കുന്നത്.
CONTENT HIGHLIGHTS: MV Sreyamskumar says LJD will merge with JDS