| Friday, 16th June 2023, 3:56 pm

സൈബര്‍ പോരാളികള്‍ വിചാരിച്ചാലൊന്നും നിശബ്ദനാകില്ല; മരിച്ച അച്ഛനെ പോലും വെറുതെ വിടാറില്ല: ശ്രേയാംസ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എലത്തൂര്‍ തീവെപ്പ് കേസിലെ പ്രതിയുടെ ദൃശ്യം നല്‍കിയതിന്റെ പേരില്‍ മാതൃഭൂമിക്കെതിരായ പൊലീസ് നടപടി പ്രത്യേക ലക്ഷ്യംവെച്ചിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍. ജീവനക്കാര്‍ക്കെതിരെ കേസെടുത്തത് ഒരു പൊലീസ് ഓഫീസറുടെ പേര് പറയിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു മാധ്യമ സ്ഥാപനത്തിന്റെ ഉടമസ്ഥനായതിന്റെ പേരില്‍ തനിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കാറുണ്ടെന്നും മരിച്ചുപോയ അച്ഛന്‍ വീരേന്ദ്രകുമാറിനെ പോലും സൈബര്‍ പോരാളികള്‍ വെറുതെ വിടാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എം.വി. ശ്രേയാംസ് കുമാറിന്റെ പ്രതികരണം. പൊലീസ് നടപടികള്‍കൊണ്ട് മാധ്യമങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊലീസിന്റെ നടപടിയെ തടസപ്പെടുത്തി എന്നാണ് എലത്തൂര്‍ പ്രതിയുടെ ദൃശ്യം പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെതിരെയുള്ള ഒരു കുറ്റം. ഏപ്രില്‍ നാലിന് നടന്ന സംഭവത്തിലാണ് എഫ്.ഐ.ആര്‍ ഇടുന്നത്. ഈ എഫ്.ഐ.ആര്‍ നമുക്ക് ലഭിക്കുന്നത് മെയ് 16നാണ്.

ഒരു മാസം കഴിഞ്ഞാണോ അവര്‍ക്ക്(പൊലീസ്) തിരിച്ചറിവുണ്ടാകുന്നത്. ഇതിന്റെയൊക്കെ പിന്നില്‍ ചില ലക്ഷ്യങ്ങള്‍ ഉണ്ട്. ചില ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരമാണെന്ന് നമ്മുടെ ആളുകളെ കൊണ്ട് പറയിപ്പിക്കാന്‍ വേണ്ടിയാണിത്.

മാനേജിങ് ഡയറക്ടറായ എന്നോടുപോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സോഴ്‌സ് വെളിപ്പെടുത്തേണ്ട കാര്യമില്ല. ഞാന്‍ ചോദിക്കാനും പാടില്ല. ഇത് കേവലമൊരു കേസല്ല. ‘ഞങ്ങള്‍ പറയുന്ന പേരുകള്‍ നിങ്ങള്‍ പറയണം’ എന്ന ഉദ്ദേശത്തോടെയുള്ള പരിപാടിയായിരുന്നു,’ ശ്രയാംസ് കുമാര്‍ പറഞ്ഞു.

സൈബര്‍ അക്രമണങ്ങള്‍ കൊണ്ട് ഒരു മാധ്യമവും തളരാന്‍ പോകുന്നില്ലെന്നും അവരുടെ പണി അവര്‍ എടുക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘മാധ്യമപ്രവര്‍ത്തകരെ തളര്‍ത്തുക എന്നതാണ് ലക്ഷ്യം. ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകേണ്ട. പോയാല്‍ കേസ് വരും എന്ന സന്ദേശമാണ് നല്‍കുന്നത്. ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെടുന്നയൊരാളാണ് ഞാന്‍. മരിച്ച അച്ഛനെക്കുറിച്ചുപോലും മോശമായി എഴുതുന്ന സൈബര്‍ പോരാളികള്‍ ഇവിടെ ഉണ്ട്. മരിച്ചവരെ വിടുകയെന്നത് സാമാന്യ മര്യാദയാണ്. അതുപോലും പാലിക്കാത്ത വിധമാണ് അക്രമം. പക്ഷേ ഇതുകൊണ്ടൊന്നും ഒരു മാധ്യമവും തളരാന്‍ പോകുന്നില്ല.

മാധ്യമങ്ങള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ മാധ്യമങ്ങള്‍ ചെയ്യുകതന്നെ ചെയ്യും. എത്ര അറ്റാക്ക് ഉണ്ടായാലും അറ്റാക്കിന് ഒരു പരിധിയുണ്ട്. സൈബര്‍ പോരാളികളെവെച്ച് മാധ്യമങ്ങളുടെ വായയടപ്പിക്കുക എന്നതും ഉടമസ്ഥരെയും മാധ്യമപ്രവര്‍ത്തകരേയും അറ്റാക്ക് ചെയ്യുക എന്നതും അംഗീകരിക്കാനാകില്ല,’ ശ്രയാംസ് കുമാര്‍ പറഞ്ഞു.

Content Highlight: MV Shreyams Kumar says I am the most attacked by cyber warriors; Even a dead father is not left alone

We use cookies to give you the best possible experience. Learn more