രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എം.വി.ശ്രേയാംസ് കുമാറിന് ജയം; വോട്ട് ചെയ്യാതെ കേരള കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍
Kerala News
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എം.വി.ശ്രേയാംസ് കുമാറിന് ജയം; വോട്ട് ചെയ്യാതെ കേരള കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2020, 6:11 pm

തിരുവന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.വി.ശ്രേയാംസ് കുമാര്‍ വിജയിച്ചു. ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന അദ്ധ്യക്ഷനായ ശ്രേയാംസ്‌കുമാര്‍ 41 നെതിരെ 88 വോട്ടുകള്‍ക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍വര്‍ഗീസ് കല്‍പ്പകവാടിയായിരുന്നു യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ഒരു വോട്ട് അസാധുവായി.

കേരള കോണ്‍ഗ്രസ് എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍. ജയരാജും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സി.എഫ്. തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.

നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണന്‍ നായര്‍ വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ നിരീക്ഷകനുമായിരുന്നു.

1967 ഏപ്രില്‍ 15-ന് വീരേന്ദ്രകുമാറിന്റെയും ഉഷ വീരേന്ദ്രകുമാറിന്റെയും മകനായി കല്പറ്റയില്‍ ജനിച്ച ശ്രേയാംസ് കുമാര്‍ കല്പറ്റ നിയോജകമണ്ഡലത്തില്‍നിന്ന് 2006-ലും 2011-ലും എം.എല്‍.എ.യായി തെരഞ്ഞെടുക്കപ്പെട്ടു. മാതൃഭൂമി മാനേജിങ് ഡയറക്ടറാണ്.

ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി കേരള റീജണല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MV Shreyams kumar elected as-rajya sabha MP