പൂച്ചകളെയും തലയില്‍ വെച്ച് കൊണ്ട് പോയ ആ പയ്യന്‍ പിന്നീട് സൂപ്പര്‍ സ്റ്റാറായി എന്നാണ് ഞാന്‍ അറിയുന്നത്: എം.വി. പിള്ള
Film News
പൂച്ചകളെയും തലയില്‍ വെച്ച് കൊണ്ട് പോയ ആ പയ്യന്‍ പിന്നീട് സൂപ്പര്‍ സ്റ്റാറായി എന്നാണ് ഞാന്‍ അറിയുന്നത്: എം.വി. പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd April 2022, 5:12 pm

ഇന്ത്യന്‍ സിനിമയില്‍ തന്നെ അസാധ്യ സ്‌ക്രീന്‍ പ്രസന്‍സ് ഉള്ള നടനാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍
ഓടി ചാടി ഊര്‍ജത്തോടെ നടക്കുന്ന മോഹന്‍ലാലിലെ കാണാനാണ് പ്രേക്ഷകര്‍ എന്നും ആഗ്രഹിക്കുന്നത്.

അതേ ഊര്‍ജവും കുട്ടിക്കളിയും ചെറുപ്പം മുതല്‍ തന്നെ മോഹന്‍ലാലിനുണ്ടായിരുന്നു. കുട്ടിക്കാലത്തെ മോഹന്‍ലാലിന്റെ കുസൃതികള്‍ പങ്കുവെക്കുകയാണ് എം.വി പിള്ള. കാന്‍സര്‍ ചികിത്സാ വിദഗ്ദനായ എം.വി പിള്ള നടി മല്ലിക സുകുമാരന്റെ സഹോദരന്‍ കൂടിയാണ്. മോഹന്‍ലാലിന്റെ മാതാപിതാക്കള്‍ എം.വി പിള്ളയുടെ കുടുംബസുഹൃത്തുക്കള്‍ കൂടിയായിരുന്നു.

കുട്ടിക്കാലത്ത് ശ്രീകൃഷ്ണനെ അതിശയിപ്പിക്കുന്ന കുസൃതിയും കൊണ്ട് നടന്ന ആളാണ് മോഹന്‍ലാലെന്ന് എം.വി. പിള്ള പറയുന്നു. മോഹന്‍ലാലിനെ പഠിപ്പിക്കാന്‍ ഞങ്ങളെ കൊണ്ട് പറ്റില്ല എന്ന് ട്യൂഷന്‍ മാസ്റ്റര്‍മാരൊക്കെ തന്നോട് പറയാറുണ്ടെന്നും എം.വി പിള്ള ഓര്‍ത്തെടുക്കുന്നു. ബിഹൈന്റ്‌വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മോഹന്‍ലാല്‍ എന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്ന ഈ മഹാനടന്‍ കുട്ടിക്കാലത്ത് ശ്രീകൃഷ്ണനെ അതിശയിപ്പിക്കുന്ന കുസൃതിയും കൊണ്ട് നടന്ന ആളായിരുന്നു. ഇദ്ദേഹത്തെ പഠിപ്പിക്കാന്‍ ഞങ്ങളെ കൊണ്ട് പറ്റില്ല എന്ന് ഇദ്ദേഹത്തിന്റെ അച്ഛനോട് പറയണം എന്ന് ലാലിന്റെ ട്യൂഷന്‍ മാസ്റ്റര്‍മാരൊക്കെ എന്നോട് പറയാറുണ്ട്. അത്രക്ക് കുസൃതിയായിരുന്നു ലാലിന്.

ഞാന്‍ ന്യുസിലാന്റില്‍ പോകുന്നതിന് മുമ്പ് ലാലും, ലാലിന്റെ അച്ഛനും അമ്മയും ഏട്ടനുമൊക്കെ എന്റെ വീട്ടില്‍ വന്നിരുന്നു. അന്ന് ലാലിന് പതിനഞ്ചോ പതിനാറോ ആണ് പ്രായം. അന്ന് വീട്ടില്‍ ഒരു പൂച്ച പ്രസവിച്ചിട്ടുണ്ടായിരുന്നു. കുറെ പൂച്ച കുഞ്ഞുങ്ങളുണ്ട്.

മണി ചേട്ടാ, മണി ചേട്ടാ, ആ പൂച്ച കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ട് പോയിക്കോട്ടെ എന്ന് ചേച്ചിയോട് പറയാമോ എന്ന് ചോദിച്ച് എന്റെ പുറകില്‍ ചൊറിഞ്ഞോണ്ട് നടന്നു. ഞങ്ങള്‍ക്ക് അതിനെ കൊണ്ട് പോകുന്നതില്‍ സന്തോഷമായിരുന്നു. എന്നിട്ടും ഡിമാന്റ് കൂട്ടാന്‍ വേണ്ടി എല്ലാ പൂച്ച കുഞ്ഞുങ്ങളെയും തരില്ല, ഒന്നോ രണ്ടോ തരാം എന്ന് പറഞ്ഞു. അയ്യോ അത് പറ്റില്ല എല്ലാം വേണമെന്ന് ലാല്‍ പറഞ്ഞു. അങ്ങനെ വലിയ ഒരു പെട്ടിക്കകത്ത് എട്ടൊമ്പത് പൂച്ചകളെയും തലയില്‍ വെച്ച് കൊണ്ട് പോയ മോഹന്‍ലാലിനെ പിന്നെ ഞാന്‍ അറിയുന്നത് ഒരു സൂപ്പര്‍സ്റ്റാറായിട്ടാണ്,’ എം.വി പിള്ള പറഞ്ഞു.

ലാലിന്റെ ഒരുപാട് നല്ല സ്വഭാവ വിശേഷങ്ങള്‍ ഞാന്‍ കഴിഞ്ഞ ആഴ്ചയും കണ്ടു. കുട്ടിക്കാലത്ത് എന്തെങ്കിലും ബുക്ക് വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ആ കഥയില്‍ താല്‍പര്യം കൂടി കഴിഞ്ഞാല്‍ കസേരയില്‍ നിന്ന് ചാടി തറയില്‍ ചമ്രംപടഞ്ഞിരിക്കും. ആ സമയത്ത് വളരെ ആദരവോട് കൂടിയും സ്നേഹത്തോടെയും നമ്മളെ നോക്കും.

രണ്ടാഴ്ച്ചയ്ക്ക് മുമ്പ് ഞാന്‍ കാക്കനാടുള്ള സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ലാലിന്റെ ബറോസ് എന്ന സിനിമയുടെ കുറെ സീന്‍സ് എന്നെ കാണിച്ചു. അതിനെ കുറിച്ച് പറഞ്ഞ് ആവേശം കൂടിയതോട് ലാല്‍ ഇരുന്ന കസേരയില്‍ നിന്ന് തറയിലോട്ട് ഇരുന്ന് പോയി. എത്ര കാലം കഴിഞ്ഞാലും പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെ ആ സ്വഭാവം ഇന്നും അദ്ദേഹത്തിനുണ്ട്. ഇത്ര വലിയ സ്റ്റാറായിട്ടും ഇപ്പോഴും ആ പഴയ ആറോ ഏഴോ വയസുകാരനായ ലാലിനെ പോലെ എന്റെ മുമ്പില്‍ തറയില്‍ ചമ്രംപടഞ്ഞിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: mv pilla about the childhood of mohanlal