തിരുവനന്തപുരം: 26ാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടി ഭാവനയുടെ സാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെ പ്രതികരവുമായി മാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ് കുമാര്‍. ഒരു സഹനവും വെറുതെയായിട്ടില്ലെന്നും നൂറുകൊല്ലം കഴിഞ്ഞാല്‍ പെണ്ണാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.എഫ്.എഫ്.കെ വേദിയില്‍ ഭാവന എത്തിയ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചായിരുന്നു നികേഷ് കുമാറിന്റെ പ്രതികരണം.
‘ഒരുകാര്യം എഴുതിയെടുത്തോ… നൂറുകൊല്ലം കഴിഞ്ഞാല്‍ പെണ്ണാധിപത്യമാണ്. ഈ ആണ്‍കോയ്മ കാലം അന്ന് ആരും വിശ്വസിക്കാന്‍ തന്നെ പോകുന്നില്ല. ഒരു സഹനവും വെറുതെയായിട്ടില്ല,’ നികേഷ് കുമാര്‍ എഴുതി.
കഴിഞ്ഞ ദിവസമായിരുന്നു കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന വേദിയില്‍ അതിഥിയായി നടി ഭാവന എത്തിയത്. അപ്രതീക്ഷിത അതിഥിയായാണ് ഭാവന വേദിയിലെത്തിയത്.
ചലചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തായിരുന്നു ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് സദസ് ഭാവനയെ വരവേറ്റത്. ഇരയല്ല അതിജീവിതയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചതിന് ശേഷം ഭാവന പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടി കൂടിയായിരുന്നു ഇത്.
തുര്‍ക്കിയില്‍ ഐ.എസ്. തീവ്രവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാനും സംവിധായകന്‍ അനുരാഗ് കശ്യപുമൊക്കെ പരിപാടിയില്‍ അതിഥികളായിരുന്നു.
അതേസമയം, ഉദ്ഘാടന വേദിയില്‍ ഭാവനയെ ക്ഷണിച്ചത് സംവിധായകന്‍ രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്.
ഇതിനുപിന്നാലെ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കാണാനായി ആലുവ സെന്റര്‍ ജയിലിലെത്തിയ സംവിധായകന്‍ രഞ്ജിത്തിന്റെ നിലപാടും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ഒരേസമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും നില്‍കൊള്ളുന്നു എന്ന വിമര്‍ശനമാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്.
പിന്നാലെ ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ചതിന് വിശദീകരണവുമായി രഞ്ജത്തും രംഗത്തെത്തിയരുന്നു.
ദിലീപിനെ ജയിലില്‍ പോയി കാണുക എന്നൊരു ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നും അപ്രതീക്ഷിതമായി അവിടെ എത്തിപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടായെന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
CONTENT HIGHLIGHTS: MV. Nikesh Kumar says aboutt Actress Bhavana’s presence at the 26th Kerala International Film Festival