| Sunday, 9th April 2017, 7:06 pm

'പൊലീസ് സ്റ്റേഷനില്‍ പെരുമാറേണ്ടത് എങ്ങിനെ?'; സോഷ്യല്‍ മീഡിയയില്‍ വൈറലായി എം.വി ജയരാജന്റെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മകന്റെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുതിനിടെ സി.പി.ഐ.എം വാദങ്ങള്‍ക്ക് തിരിച്ചടിയായി എം.വി ജയരാജന്റെ വീഡിയോ. പൊലീസ് ആസ്ഥാനത്ത് സമരങ്ങള്‍ പാടില്ലെന്നും അതിന് ശ്രമിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നുമായിരുന്നു സി.പി.ഐ.എം നേതൃത്വവും സര്‍ക്കാരും ഉയര്‍ത്തിയ പ്രധാന വാദങ്ങള്‍.


Also read ‘ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപം’; സൈബര്‍ സഖാക്കള്‍ക്കെതിരെ ദീപാ നിശാന്ത്


എന്നാല്‍ പൊലീസ് സ്റ്റേഷന്‍ ജനങ്ങളുടേതാണെും പൊലീസിന്റെ സ്വകാര്യ സ്വത്തല്ലെന്നും ചൂണ്ടിക്കാട്ടി പൊലീസിനോട് കയര്‍ക്കുന്ന സി.പി.ഐ.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്റെ പഴയ വീഡിയോ നവമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണിപ്പോള്‍.

2013ല്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരെ കാണാന്‍ അനുവദിക്കാത്ത പൊലീസ് നടപടിയെ വിമര്‍ശിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. സി.പി.ഐ.എമ്മിന്റെ നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കെ.കെ രാഗേഷ് എം.പി, എസ്.എഫ്.ഐയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജയരാജന്‍ പൊലീസിനോട് തട്ടിക്കയറുന്നത്.

“എല്‍.ഡി.എഫിന്റെ നേതാക്കള്‍ വരുമ്പോള്‍ നിങ്ങള്‍ തടയുകയാണോ ലാത്തിയും തോക്കും കൊണ്ട് എത്രകാലമാണെടാ തിരുവഞ്ചൂര്‍ കൂടിയുണ്ടാകുന്നതെന്നാണ്” ജയരാജന്‍ പൊലീസിനോട് ചോദിക്കുന്നത്. സ്റ്റേഷേന്റെ ഗ്രില്‍ തുറക്കാനായി പൊട്ടിത്തെറിക്കുന്ന ജയരാജന്‍ എല്‍.ഡി.എഫിന്റെ ജില്ലാ നേതാക്കള്‍ വരുമ്പോള്‍ കാണിക്കില്ലെന്ന് പറയാന്‍ നിങ്ങളാരാണെന്നും ചോദിക്കുന്നുണ്ട്.

പൊതുജനങ്ങള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തുമ്പോഴേ ഈ നിയമങ്ങളൊക്കെയുള്ളു എന്ന ചോദ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ആറു പേര്‍ക്ക് മാത്രമേ ഡി.ജി.പിയെ കാണാന്‍ അനുവാദമുള്ളു എന്നാണ് ജിഷ്ണുവിന്റെ കടുംബത്തോട് പറഞ്ഞിരുന്നതെങ്കില്‍ ഇവിടെ പൊലീസ് മൂന്ന് പേര്‍ക്കാണ് അനുമതി നല്‍കുന്നത്. എന്നാല്‍ “മൂന്നാളല്ല അഞ്ചാള്‍ കേറും. ഇതൊന്നും നിന്റെ സ്വകാര്യ സ്വത്തല്ല, പൊലീസ് സ്റ്റേഷന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും” എം.വി ജയരാജന്‍ പറയുന്നുണ്ട്.


Dont miss ‘അധാര്‍മ്മിക പത്രപ്രവര്‍ത്തനം അനുവദിക്കില്ല’; മംഗളം സി.ഇ.ഒ അജിത് കുമാറിനെ പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് പുറത്താക്കി


പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഒരു നിലപാടും ഭരണത്തില്‍ എത്തുമ്പോള്‍ മറ്റൊരു നിലപാടും സ്വീകരിക്കുന്ന നേതാക്കളെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്നാണ് വീഡിയയോടൊപ്പം നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.

വീഡിയോ കാണാം

We use cookies to give you the best possible experience. Learn more