കണ്ണൂര്‍: ആര്‍.എസ്.എസ് ഇന്ത്യന്‍ താലിബാന്‍ തന്നെയാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. ബോളിവുഡ് ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തറുടെ വിമര്‍ശനത്തെ പിന്തുണച്ചുകൊണ്ടായിരുന്നു ജയരാജന്റെ പ്രതികരണം.
ജാവേദ് അക്തറുടെ അഭിപ്രായം തികച്ചും ശരിയാണെന്നും ഈ പ്രതികരണത്തിന്റെ പേരില്‍ ജാവേദിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എയുടെ പ്രഖ്യാപനം രാജ്യത്താകെ ബീഫ് നിരോധിക്കും എന്ന പ്രഖ്യാപനം പോലെ കേവലം മോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയകാലത്ത് സിനിമ കാണാന്‍ തിയേറ്ററില്‍ പോകേണ്ടതില്ല. ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗെവാറിനെ കുറിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നെന്നും. ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്ര ശില്പികളായ ആര്‍.എസ്.എസ് നേതാക്കളെക്കുറിച്ച് പുതിയ തലമുറയെ പഠിപ്പിക്കുന്നത് മൂല്യ ബോധമല്ല,മൂല്യ തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു വര്‍ഗീയ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരെ താലിബാന്‍ തീവ്രവാദികളെ പോലെയാണെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?. താലിബാന്‍ നടപ്പാക്കി വരുന്നത് ജനാധിപത്യവും സ്വാതന്ത്ര്യവും ഒന്നുമല്ല. തനിഫാസിസ്റ്റ് ശൈലിയാണ്. ആ ശൈലി രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്നവരാണ് സംഘപരിവാറുകാര്‍. അത് കൊണ്ട് തന്നെ ജാവേദിന്റെ അഭിപ്രായം തികച്ചും ശരിയാണെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസും താലിബാനും ഒരുപോലെയാണ് എന്ന് ജാവേദ് അക്തര്‍ അഭിപ്രായപ്പെട്ടത്. താലിബാന്‍ മുസ്‌ലിം മതരാഷ്ട്രം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന പോലെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവരുമുണ്ടെന്നും ഇത്തരം ആളുകള്‍ എല്ലാം തന്നെ ഒരേ ചിന്താഗതിക്കാരാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
മതരാഷ്ട്രം ആഗ്രഹിക്കുന്നവര്‍ ഹിന്ദുവോ ക്രിസ്ത്യനോ മുസല്‍മാനോ ജൂതനോ ആരും തന്നെ ആകട്ടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ അപലപനീയമാണെന്നും ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്രംഗ്ദള്‍ എന്നിവരും, അവരെ പിന്തുണക്കുന്നവരും അതുപോലെ തന്നെയാണ് എന്നാണ് ജാവേദ് അക്തര്‍ പറഞ്ഞത്.
ജാവേദ് അക്തറിന്റെ പരാമര്‍ശത്തെ എതിര്‍ത്തുകൊണ്ട് ബി.ജെ.പി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന ലജ്ജാകരമാണെന്നും മാത്രമല്ല, സംഘപറിവാറിന്റെയും വിശ്വ ഹിന്ദു പരിഷത്തിന്റെയും കോടിക്കണക്കിന് പ്രവര്‍ത്തകര്‍ക്കും ആ ആശയങ്ങള്‍ പിന്തുടരുന്ന ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും ഈ പ്രസ്താവന വേദനാജനകവും അപമാനകരവുമാണെന്നും ബി.ജെ.പി എം.എല്‍.എ രാം കദം പറഞ്ഞിരുന്നു.