|

കള്ളവോട്ട് ആരോപണം പച്ചനുണ; ചെയ്തത് ഓപ്പണ്‍ വോട്ട്; ദൃശ്യങ്ങള്‍ അടര്‍ത്തിയെടുത്തതാണെന്നും എം.വി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ സി.പി.ഐ.എം കള്ളവോട്ട് നടത്തിയെന്ന കോണ്‍ഗ്രസിന്റെ ആരോപണം പച്ചനുണയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപ്പണ്‍ വോട്ടിന്റേതാണെന്നും അവ അടര്‍ത്തിയെടുത്തതാണെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന കള്ളവോട്ട് നടത്തിയെന്ന ആരോപണവും ജയരാജന്‍ തള്ളി. സലീന 19-ാം ബൂത്തില്‍ സഹായിയായി പോയതാണെന്ന് അദ്ദേഹം പറഞ്ഞു.

കള്ളവോട്ട് ചെയ്തുവെന്നത് കള്ളപ്രചാരണ വേലയാണ്. ഓപ്പണ്‍ വോട്ട് ബന്ധപ്പെട്ടവര്‍ അനുവദിച്ചശേഷമാണു ചെയ്തത്. പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയാത്തവരെ സഹായിച്ചതിനോട് ഈ കൊലച്ചതി ചെയ്തത് തെറ്റാണ്. സഹായികളായി പോയവരെ കള്ളവോട്ട് ചെയ്തവരെന്നു ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഈ ആരോപണമുന്നയിക്കുന്നവരുടേതു മുന്‍കൂര്‍ ജാമ്യമാണെന്നും ജയരാജന്‍ പറഞ്ഞു.

ഒരന്വേഷണത്തെയും ഭയമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കാസര്‍കോട്ടെ പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു കോണ്‍ഗ്രസ് നേരത്തേ പുറത്തുവിട്ടത്. ഒരാള്‍ തന്നെ രണ്ടുതവണ വോട്ട് ചെയ്യുന്നതും ആ ദൃശ്യങ്ങളിലുണ്ടായിരുന്നു.

വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നുമായിരുന്നു തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രതികരണം. ദൃശ്യങ്ങളിലേതുപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.