അശ്രദ്ധ കൊണ്ടല്ല, കോണ്‍ഗ്രസിന് വോട്ട് മറിക്കാനാണ് ബി.ജെ.പി പത്രികയില്‍ പിഴവ് വരുത്തിയത്; ആരോപണവുമായി എം.വി ജയരാജന്‍
Kerala
അശ്രദ്ധ കൊണ്ടല്ല, കോണ്‍ഗ്രസിന് വോട്ട് മറിക്കാനാണ് ബി.ജെ.പി പത്രികയില്‍ പിഴവ് വരുത്തിയത്; ആരോപണവുമായി എം.വി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th March 2021, 4:43 pm

കണ്ണൂര്‍: തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ പത്രിക തള്ളിയ സംഭവം അശ്രദ്ധ കൊണ്ട് സംഭവിച്ചതല്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.

കോണ്‍ഗ്രസുമായുള്ള വോട്ടുകച്ചവടത്തിനാണ് ബി.ജെ.പി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് വരുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

ബി.ജെ.പിക്ക് മറ്റ് മണ്ഡലങ്ങളിലൊന്നും സംഭവിക്കാത്ത പാളിച്ച തലശ്ശേരിയില്‍ മാത്രം എങ്ങനെയുണ്ടായെന്നും സംഭവത്തില്‍ അന്തര്‍ധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് കൂടിയായ എന്‍. ഹരിദാസിന്റെ പത്രികയായിരുന്നു സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതും സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതും പത്രിക തള്ളാന്‍ കാരണമായിരുന്നു.

അതേസമയം എന്‍. ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് ബി.ജെ.പി അറിയിച്ചിട്ടുണ്ട്.

ഇന്നലെ എന്‍.ഡി.എ ഡമ്മി സ്ഥാനാര്‍ത്ഥി ലതീഷിന്റെ പത്രികയും തള്ളിയിരുന്നു. ഇതോടെ തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ല.
തലശ്ശേരിയില്‍ എ.എന്‍ ഷംസീറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എം.പി അരവിന്ദാക്ഷനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

ദേവികുളത്ത് എന്‍.ഡി.എ സഖ്യ കക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ പത്രികയും നേരത്തെ തള്ളിയിരുന്നു. ഫോറം 26 പൂര്‍ണമായും പൂരിപ്പിക്കാത്തതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.

 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MV Jayarajan on BJP Nomination Rejected Incident