| Sunday, 19th November 2017, 2:54 pm

'അസത്യത്തിന്റെ പക്ഷം അഥവാ ആര്‍.എസ്.എസ് 'ഭൂമി''; മേയറെ അക്രമിച്ച വാര്‍ത്ത മാതൃഭൂമി വളച്ചൊടിച്ചെന്ന് എം.വി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ നഗരസഭയില്‍ അക്രമിച്ച വാര്‍ത്ത മാതൃഭൂമി വളച്ചൊടിച്ചെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സി.പി.ഐ.എം സംസ്ഥാന സമിതി അംഗവുമായ എം.വി ജയരാജന്‍. ആര്‍.എസ്.എസ് അക്രമത്തില്‍ പരുക്കേറ്റ പ്രശാന്ത് ആശുപത്രിയിലാണ് മേയര്‍ അക്രമിക്കപ്പെട്ട വാര്‍ത്തയില്‍ “മുറിയിലേക്ക് കടക്കുന്നതിനിടെ ഗോവണിയില്‍ മേയര്‍ വീണു” എന്നു നല്‍കിയതിനെതിരെയാണ് ജയരാജന്‍ രംഗത്ത് വന്നത്.

“ഞങ്ങള്‍ക്ക് പക്ഷമുണ്ട് ; സത്യത്തിന്റെ പക്ഷം” എന്ന മാതൃഭൂമിയുടെ പരസ്യവാചകം “ഞങ്ങള്‍ക്ക് പക്ഷമുണ്ട്; അസത്യത്തിന്റെ പക്ഷം” എന്നു മാതൃഭമി മാറ്റണമെന്ന് ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഇതാദ്യമായല്ല മാതൃഭൂമിയുടെ സംഘപരിവാര്‍ സേവയെന്ന് കുറ്റപ്പെടുത്തിയ ജയരാജന്‍ ആ പത്രം ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാകുമെന്നും പറയുന്നു.


Also Read: ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് കുമരകം പഞ്ചായത്തു പ്രസിഡന്റിന്റെ പരാതി


“വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പേജില്‍ വന്ന വാര്‍ത്ത – ” വേങ്ങരയില്‍ ലീഗ് ജയിക്കും, സി.പി.എം തോല്‍ക്കും, ലീഗിനും ബി.ജെ.പി ക്കും മുന്നേറ്റമുണ്ടാകുമ്പോള്‍ സി.പി.എമ്മിന് വോട്ട് കുറയും എന്നായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അത് ലീഗിന് ഭൂരിപക്ഷത്തില്‍ വന്‍ കുറവ്, ബി.ജെ.പിക്ക് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ട്, എല്‍.ഡി.എഫിന് ലഭിച്ച വോട്ടില്‍ വന്‍ വര്‍ദ്ധന എന്നതായിരുന്നു ആ ചിത്രം” അദ്ദേഹം പറയുന്നു.

“മാതൃഭൂമിപോലുള്ള ദേശീയ ദിനപ്പത്രം അതിന്റെ നിലവാരം ഇങ്ങനെ ഇടിച്ചുതാഴ്ത്തരുത്. അതിന്റെ അധികാരികള്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ ഈ അപചയം സംബന്ധിച്ച് ആത്മപരിശോധന നടത്തി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നു പറഞ്ഞാണ് ജയരാജന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

“അസത്യത്തിന്റെ പക്ഷം അഥവാ ആര്‍.എസ്.എസ് “ഭൂമി”
ഇടയ്‌ക്കെപ്പോഴോ വഴിയരികില്‍ കണ്ട ബോര്‍ഡിലെ പരസ്യവാചകം ഇങ്ങനെയായിരുന്നു – “ഞങ്ങള്‍ക്ക് പക്ഷമുണ്ട് ; സത്യത്തിന്റെ പക്ഷം”. പരസ്യം മാതൃഭൂമിയുടേതാണ്. ഇന്നത്തെ തിരുവനന്തപുരത്തെ മാതൃഭൂമി പത്രം കണ്ടപ്പോള്‍ ഈ പരസ്യവും ഒപ്പം പരസ്യവാചകത്തില്‍ ഒരക്ഷരത്തിന്റെ കുറവുണ്ടോ എന്ന ചിന്തയുമാണ് മനസ്സില്‍ നിറഞ്ഞത്. “ഞങ്ങള്‍ക്ക് പക്ഷമുണ്ട്; അസത്യത്തിന്റെ പക്ഷം” എന്നാക്കി പത്രം പരസ്യവാചകം മാറ്റേണ്ടതുണ്ടോ എന്നുതോന്നി !.

ഇന്നലെ തലസ്ഥാന നഗരിയില്‍ മേയര്‍ ആക്രമിക്കപ്പെട്ടത് ദൃശ്യമാധ്യമങ്ങളാകെ വലിയ വാര്‍ത്തയാക്കിയതാണ്. ബി.ജെ.പി ആക്രമണത്തില്‍ മേയര്‍ക്ക് പരിക്ക് എന്നതായിരുന്നു ആ വാര്‍ത്ത. ദൃശ്യങ്ങള്‍ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. എന്നിട്ടും ഇന്നത്തെ തിരുവനന്തപുരത്തെ മാതൃഭൂമി പത്രത്തില്‍ മേയര്‍ക്ക് വീണ് പരിക്കേറ്റെന്നാണ് വാര്‍ത്ത.

ഇതാദ്യമായല്ല മാതൃഭൂമിയുടെ സംഘപരിവാര്‍ സേവയെന്ന് ആ പത്രം ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാകും. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടനെ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ പേജില്‍ വന്ന വാര്‍ത്ത – ” വേങ്ങരയില്‍ ലീഗ് ജയിക്കും, സി.പി.എം തോല്‍ക്കും, ലീഗിനും ബി.ജെ.പി ക്കും മുന്നേറ്റമുണ്ടാകുമ്പോള്‍ സി.പി.എമ്മിന് വോട്ട് കുറയും” എന്നായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. അത് ലീഗിന് ഭൂരിപക്ഷത്തില്‍ വന്‍ കുറവ്, ബി.ജെ.പിക്ക് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ കുറവ് വോട്ട്, എല്‍.ഡി.എഫിന് ലഭിച്ച വോട്ടില്‍ വന്‍ വര്‍ദ്ധന എന്നതായിരുന്നു ആ ചിത്രം. ഫലത്തില്‍ അന്ന് ജനങ്ങള്‍ തിരിച്ചടി നല്‍കിയത് ലീഗിനും ബി.ജെ.പിക്കും മാത്രമായിരുന്നില്ല, മാതൃഭൂമിക്കും കൂടിയായിരുന്നു.

മാതൃഭൂമിപോലുള്ള ദേശീയ ദിനപ്പത്രം അതിന്റെ നിലവാരം ഇങ്ങനെ ഇടിച്ചുതാഴ്ത്തരുത്. അതിന്റെ അധികാരികള്‍ ഇത് ശ്രദ്ധിക്കുമെന്ന് കരുതുന്നു. മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ ഈ അപചയം സംബന്ധിച്ച് ആത്മപരിശോധന നടത്തി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.”

Latest Stories

We use cookies to give you the best possible experience. Learn more