| Thursday, 3rd September 2020, 11:05 am

'അണികള്‍ക്ക് കൊടുത്ത സന്ദേശം ദുര്‍വ്യാഖ്യാനം ചെയ്തു'; ശബ്ദരേഖ വിവാദത്തില്‍ എം.വി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖയില്‍ വിശദീകരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍.

അണികള്‍ക്ക് കൊടുത്ത സന്ദേശം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നായിരുന്നു എം.വി ജയരാജന്റെ പ്രതികരണം. ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നവര്‍ പലരും റാങ്ക് പട്ടികയില്‍ ഉള്ളവരല്ലെന്നും സര്‍ക്കാരിനെതിരെ കമന്റുകള്‍ വരുന്നത് ചില കേന്ദ്രങ്ങളില്‍ നിന്നാണെന്നും എം.വി ജയരാജന്‍ പ്രതികരിച്ചു.

പാര്‍ട്ടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണങ്ങള്‍ നടക്കുകയാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പെയ്ഡ് നവമാധ്യമ ഏജന്‍സികളുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ എങ്ങനെ നേരിടുമെന്നാലോചിച്ചപ്പോഴാണ് ഇതിന് വ്യക്തമായ പദ്ധതി തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഒരു മോശം പരാമര്‍ശവും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തില്ല. തെറ്റായ പ്രതികരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകാതിരിക്കാനാണ് കാപ്‌സ്യൂള്‍ രൂപത്തില്‍ കമന്റുകള്‍ തയ്യാറാക്കി നല്‍കുന്നത് എന്നും എം.വി ജയരാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മോശമായി പെരുമാറരുത് എന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പല തരത്തിലും പ്രകോപിപ്പിക്കുമെങ്കിലും നിയന്ത്രണം കൈവിടരുതെന്ന് നിര്‍ദേശം നല്‍കിയതായും എം.വി ജയരാജന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഓഫീസുകള്‍ ഇനി കണ്ണൂരില്‍ ആക്രമിച്ചാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന കെ സുധാകരന്റെ പ്രസംഗത്തിനെതിരെയും എം.വി ജയരാജന്‍ രംഗത്തെത്തി. കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് കെ സുധാകരനെന്നായിരുന്നു ജയരാജന്റെ മറുപടി.

പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ സൈബര്‍ ഇടങ്ങളില്‍ കൂട്ടമായി ചെറുക്കാനുള്ള നിര്‍ദേശമെന്ന രീതിയിലായിരുന്നു എം. വി ജയരാജന്റെ ശബ്ദരേഖ പുറത്തുവന്നത്.

പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു വാട്സ്ആപ്പില്‍ പ്രചരിക്കുന്ന ശബ്ദരേഖ.

ഇടേണ്ട കമന്റുകള്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ പാര്‍ട്ടി തയാറാക്കി നല്‍കുമെന്നും ഒരു ലോക്കല്‍ കമ്മിറ്റി 300 മുതല്‍ 400 വരെ കമന്റുകള്‍ ഇടണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ കമന്റ് ചെയ്യേണ്ടതില്ല. പാര്‍ട്ടിക്കെതിരേയുള്ള പ്രചരണം തടയുന്നതോടൊപ്പം പാര്‍ട്ടി പേജുകളുടെ ലൈക്ക് വര്‍ധിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ളവര്‍ക്കാണ് നിര്‍ദേശം. തിരുവനന്തപുരത്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത ദിവസമാണ് ജയരാജന്റെ നിര്‍ദേശം പുറത്തുവന്നത്.

ശബ്ദസന്ദേശം ഇങ്ങനെ..

തിരുവനന്തപുരത്ത് റാങ്ക് ലിസ്റ്റില്‍ പേരുള്ള ഒരാള്‍ ജോലി ഇല്ലാത്തതിന്റെ ഫലമായി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എതിരാളികള്‍ നല്ലതുപോലെ ആസൂത്രിതമായുള്ള കമന്റുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും ആസൂത്രിതമായ രീതിയില്‍ ഒരു പ്ലാന്‍ ഉണ്ടാക്കണം. അതില്‍ എന്തെല്ലാമാണ് കമന്റ് ബോക്സില്‍ രേഖപ്പെടുത്തേണ്ടത് എന്നുള്ളത് ചെറിയ കാപ്സ്യൂള്‍ ടൈപ്പ് ആയി അയച്ചുതരുന്നുണ്ട്. അത് ഒരു ലോക്കലില്‍ ചുരുങ്ങിയത് മുന്നൂറോ നാനൂറോ പ്രതികരണങ്ങള്‍ വരുത്താന്‍ ശ്രമിക്കണം.

ഒരാള്‍തന്നെ പത്തും പതിനഞ്ചും കമന്റ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര്‍ കമന്റ് ചെയ്യുക എന്നിടത്ത് എത്തണം. അതൂകൂടി ശ്രദ്ധിക്കണം എന്നു പറയാനാണ് ഈ സമയം പങ്കിടുന്നത്. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. പ്രചാരവേല ശക്തിപ്പെടുത്തുന്നതിന്റെയും ഫേയ്സ്ബുക്ക് ലൈക്ക് വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള കാര്യങ്ങളില്‍ എല്ലാ സഖാക്കളുടെയും നേതൃത്വപരമായ പങ്കുണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള സഖാക്കള്‍ക്ക് ഈ നിര്‍ദേശം പോകേണ്ടതുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

content highlight: mv jayarajan explanation on audio clip controversy

We use cookies to give you the best possible experience. Learn more