കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതി; ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും എം.വി ജയരാജന്‍
Kerala News
കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതി; ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും എം.വി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 18, 03:19 am
Saturday, 18th May 2019, 8:49 am

കണ്ണൂര്‍: കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന വിവാദ പ്രസ്ഥാവനയുമായി സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വോട്ട് ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നും ജയരാജന്‍ പറഞ്ഞു.

ഇതുപോലെ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തയ്യാറുണ്ടോ എന്നും ജയരാജന്‍ ചോദിച്ചു. ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ യു.ഡി.എഫ് ജയിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ജയിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

‘തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പര്‍ദ്ദ ധരിച്ചു വരുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചുകൂടാ. ക്യൂവില്‍ നില്‍ക്കുമ്പേള്‍ തന്നെ മുഖപടം മാറ്റണം. മുഖപടം തിരിച്ചറിയാന്‍, നിങ്ങളുടെ സി.സി.ടി.വി ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, വെബ് ക്യാമറയില്‍ കൃത്യമായി മനസ്സിലാക്കാന്‍, ക്യാമറയില്‍ വ്യക്തമായി പകര്‍ത്താന്‍ ക്യൂവില്‍ നില്‍ക്കുന്ന ഘട്ടം മുതല്‍ മുഖപടം തിരിച്ചറിയാന്‍ പറ്റുന്ന വിധത്തില്‍ മാറ്റണം.

തെരഞ്ഞെടുപ്പു കമ്മീഷന്‍ അങ്ങനെ തെരഞ്ഞെടുപ്പു നടത്തുമോ? പോളിംഗ് ബൂത്തില്‍ കയറിയാല്‍ അവിടെ ഒന്നുങ്കില്‍ വെബ് ക്യാമറ അല്ലെങ്കില്‍ വീഡിയോ, ആ ദൃശ്യത്തിന്റെ മുമ്പാകെ മുഖപടം പൂര്‍ണമായും മാറ്റി കൊണ്ട് അവിടെ വോട്ടു ചെയ്യാന്‍ എത്തുന്നവരെ അനുവദിക്കുമോ, ഇതാണ് നാടിനു അറിയേണ്ടത്.

അങ്ങനെ വന്നാല്‍ കള്ളവോട്ട് പൂര്‍ണമായും തടയാന്‍, പുതിയങ്ങാടിയിലും പാമ്പുരുത്തിയിലും കഴിയും. കള്ളവോട്ട് പൂര്‍ണമായും തടഞ്ഞാല്‍ ഒരു തര്‍ക്കവും വേണ്ട ആ ബൂത്തില്‍ അടക്കം ഇടതുപക്ഷത്തിന്റെ വോട്ടു വര്‍ധിക്കും. യു.ഡി.എഫിന്റെ വോട്ടു കുറയും’- ഇതായിരുന്നു ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞത്.

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കാസര്‍ഗോഡ് മണ്ഡലത്തിലെ നാല് പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചിരുന്നു. കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടക്കുക.

കല്യാശേരിയിലെ 19, 69, 70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് സധ്യതയുള്ളത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഞായറാഴ്ചയാണ് റീപോളിംഗ് നടക്കുക. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് കള്ളവോട്ടിനെ തുടര്‍ന്ന് റീപോളിംഗ് നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പില്ലാത്തറ യു.പി സ്‌കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കൊണ്ട് കോണ്‍ഗ്രസാണ് കള്ളവോട്ട് വിവാദത്തിന് തുടക്കമിടുന്നത്. പിന്നീട് ഇടതുപക്ഷവും കള്ളവോട്ട് ആരോപണവുമായി മുന്നോട്ട് വന്നു. ഇതുവരെ 17 പേര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ ലീഗുകാരും ബാക്കിയുള്ളവര്‍ സി.പി.ഐ.എമ്മുകാരുമാണ്.