ഉത്തരേന്ത്യയല്ല കേരളം, ഗാന്ധി ഘാതകരാണ് രാമരാജ്യ കമാനം സ്ഥാപിച്ചത്: എം.വി. ജയരാജന്‍
Kerala News
ഉത്തരേന്ത്യയല്ല കേരളം, ഗാന്ധി ഘാതകരാണ് രാമരാജ്യ കമാനം സ്ഥാപിച്ചത്: എം.വി. ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st April 2023, 3:38 pm

കണ്ണൂര്‍: തലശ്ശേരി നഗരസഭാ പരിധിയിലെ തിരുവങ്ങാട് വാര്‍ഡില്‍ സ്ഥാപിച്ച വിവാദ കമാനത്തിനെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സംഭവം മതനിരപേക്ഷതയും മതസൗഹാര്‍ദവും തകര്‍ക്കുന്ന നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മതസൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും ഉത്തരേന്ത്യയിലേത് പോലുള്ള സാഹചര്യമല്ല ഇവിടെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു എം.വി. ജയരാജന്റെ പ്രതികരണം

രാമരാജ്യത്തേക്ക് സ്വാഗതം എന്ന ബോര്‍ഡ് കൊണ്ട് ഉദ്ദേശിച്ചത് ഗാന്ധിജിയുടെ രാമരാജ്യമല്ലെന്നും, ഗാന്ധി ഘാതകരാണ് കമാനം സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ഗോഡ്സെയുടെ മതരാഷ്ട്ര നിര്‍മിതിയെന്ന അജണ്ട വ്യക്തമാക്കിയിട്ടുള്ള കമാനമാണിത്. തിരുവങ്ങാട് ക്ഷേത്രത്തില്‍ ആരാധനാസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നില്ല.

ക്ഷേത്രപരിസരത്ത് നടക്കുവാനോ ക്ഷേത്രക്കുളത്തില്‍ കുളിക്കനോ പോലും എല്ലാവര്‍ക്കും അവകാശമില്ലായിരുന്നു. അന്ന് സി.എച്ച്. കണാരന്റെ നേതൃത്വത്തില്‍ പോരാടിയാണ് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം എല്ലാവര്‍ക്കും അനുവദിച്ചത്,’ ജയരാജന്‍ പറഞ്ഞു.

റമളാന്‍ നാളില്‍ കണ്ണോത്ത് പള്ളിയില്‍ ഉള്‍പ്പെടെ മസാല കഞ്ഞി വിതരണവുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ പ്രചരണത്തേയും അദ്ദേഹം വിമര്‍ശിച്ചു.

‘കഞ്ഞി നല്ലത് തന്നെ, എന്നാല്‍ കഞ്ഞി കമ്മ്യൂണിസ്റ്റുകാരന്റേതാണെന്നാണ് ചില വര്‍ഗീയ മനസുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകാര്‍ ദൈവ നിഷേധികളാണ് അവരുടെ കഞ്ഞി എങ്ങനെയാണ് കുടിക്കുകയെന്ന് ചോദിക്കുന്നവര്‍ വര്‍ഗീയ മനസുള്ളവരാണ്. ഇത്തരത്തിലുള്ള ദുഷ്ടചിന്തകള്‍ സമൂഹത്തില്‍ അപകടം ഉണ്ടാക്കും. മതസൗഹാര്‍ദം തകര്‍ക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം,’ ജയരാജയന്‍ പറഞ്ഞു.

Content Highlight: MV  Jayarajan against the controversial arch erected in Thiruvangad ward under Thalassery municipality