'സംഘപരിവാര്‍ ജനിതകമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്'; സിനിമാ ചിത്രീകരണം തടസപ്പെടുത്തിയതില്‍ വിമര്‍ശനവുമായി എം. വി ജയരാജന്‍
Kerala News
'സംഘപരിവാര്‍ ജനിതകമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്'; സിനിമാ ചിത്രീകരണം തടസപ്പെടുത്തിയതില്‍ വിമര്‍ശനവുമായി എം. വി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th April 2021, 8:58 pm

കണ്ണൂര്‍: സ്‌നേഹമല്ല, വെറുപ്പാണ് ആര്‍.എസ്.എസ് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം. വി ജയരാജന്‍. റാ റാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും, പാലക്കാട് ഹിന്ദു-മുസ്‌ലിം പ്രണയ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് തടഞ്ഞ സംഭവവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ് സംഘപരിവാര്‍ എന്നും ജയരാജന്‍ പറഞ്ഞു. ആര്‍എസ്.എസുകാര്‍ക്ക് കലാബോധമല്ല, പകരം കലാപ ചിന്തയാണ് ഉണ്ടാകുന്നതെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹിന്ദു മുസ്‌ലിം പ്രണയ കഥ പറയുന്ന ‘നീയാം നദി’ എന്ന സിനിമയുടെ ചിത്രീകരണായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തടഞ്ഞത്. ശനിയാഴ്ച രാവിലെയാണ് സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഹിന്ദു- മുസ്ലീം പ്രണയം പറയുന്ന സിനിമ ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാണ് ഷൂട്ടിംഗ് തടഞ്ഞവര്‍ പറഞ്ഞതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്ഷേത്രം അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം തുടങ്ങിയത്. ഇതിനിടെ സിനിമയുടെ കഥ പറയണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയും കഥ കേട്ടതോടെ ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

എം.വി വിജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംഘപരിവാര്‍ ജനിതക മാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്.

‘ നീയാം തണല്‍ ‘ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ നടത്തിയ അക്രമവും റാറാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വച്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിക്കും നവീനും നേരെ നടത്തിയ ആക്രോശവും ആര്‍ എസ് എസുകാര്‍ക്ക് കാലബോധമല്ല പകരം കലാപ ചിന്തയാണ് ഉള്ളതെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മലയാളികള്‍ സംഘികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പിനൊപ്പമല്ല ആര്‍ എസ് എസിന്റെ ജനനം മുതല്‍ ഉണ്ടായ ശീലമാണ് വെറുപ്പ്. മനുഷ്യരോട് സ്‌നേഹമല്ല വിദ്വേഷമാണ് ഇവര്‍ പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രം.

കൊവിഡ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടായ ബ്രിട്ടീഷ് വൈറസ് പകര്‍ച്ച നിരക്കും മരണ നിരക്കും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്രസമര വേളയില്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി രാജ്യത്തെ ഒറ്റു കൊടുത്തവര്‍ക്ക് ഇപ്പോള്‍ ബ്രിട്ടീഷ് വൈറസ് പിടികൂടിയിരിക്കുന്നു. നാം ജാഗ്രത പാലിക്കണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MV Jayarajan against RSS and sanghparivar