കോഴിക്കോട്: അല്ലാഹുവിന്റെയും കൃഷിക്കാരുടെയും ഭൂമി തട്ടിയെടുത്തവര്‍ രക്ഷപ്പെടാന്‍ പാടില്ലെന്ന് സി.പി.ഐ.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. തളിപ്പറമ്പിലെ ഏക്കര്‍ കണക്കിന് ഭൂമികള്‍ പലരും കൈയ്യേറിയിരിക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു.
തളിപ്പറമ്പ് താലൂക്കിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് കേരള കര്‍ഷക സംഘം ജില്ല കമ്മിറ്റി നടത്തിയ തളിപ്പറമ്പ് താലൂക്ക് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പിലെ വഖഫ് ഭൂമിയിലാണ് ലീഗ് ഓഫീസ് പണിതിരിക്കുന്നത്. നൂറുകണക്കിന് ഏക്കര്‍ ഭൂമി പലരും തങ്ങളുടേതാക്കി കൈവശം വെച്ചിരിക്കുകയാണ്. ഭൂമി തിരികെ പിടിച്ചെടുക്കണം. എന്നാല്‍ ആ നയം നടപ്പാക്കാതിരിക്കുകയാണ് ചില ഉദ്യോഗസ്ഥര്‍ എന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥര്‍ കാണിക്കുന്ന തോന്നിവാസം നിയന്ത്രിക്കേണ്ടത് റവന്യൂ മന്ത്രിയാണ്. തളിപ്പറമ്പിലുള്ള ശ്മശാനം പോലും ചിലര്‍ കൈക്കലാക്കി. വഖഫ് സ്വത്ത് അന്യാധീനപ്പെടാന്‍ പാടില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വഖഫ് സ്വത്തുക്കള്‍ കൈയേറിയത് തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡിന് പാര്‍ട്ടി പിന്തുണ നല്‍കുമെന്ന് എം.വി. ജയരാജന്‍ നേരത്തേയും പറഞ്ഞിരുന്നു.
തളിപ്പറമ്പിലും മുഴപ്പിലങ്ങാടും തലശേരി പുന്നോലിലും വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായും കൈയേറിയതായും തെളിഞ്ഞിട്ടുണ്ടെന്നും തളിപ്പറമ്പില്‍ വഖഫ് സ്വത്തിലാണ് മുസ്‌ലിം ലീഗ് ഓഫീസ് സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശ്മശാനം കൈയേറിയ അവസ്ഥയും ഇവിടെയുണ്ടായിട്ടുണ്ട്. മുഴപ്പിലങ്ങാടും പുന്നോലിലും ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ ബോര്‍ഡ് നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ പാര്‍ട്ടി സമ്മേളനം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: MV Jayarajan about waqf plot