സമാധാന യോഗം ബഹിഷ്‌ക്കരിച്ച യു.ഡി.എഫ് നടപടി തെറ്റെന്ന് എം.വി ജയരാജന്‍; ആസൂത്രിത കലാപം നടന്നു
Kerala
സമാധാന യോഗം ബഹിഷ്‌ക്കരിച്ച യു.ഡി.എഫ് നടപടി തെറ്റെന്ന് എം.വി ജയരാജന്‍; ആസൂത്രിത കലാപം നടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th April 2021, 12:56 pm

കണ്ണൂര്‍: സമാധാന യോഗം ബഹിഷ്‌ക്കരിച്ച യു.ഡി.എഫ് നടപടി തെറ്റാണെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍.

ജില്ലയില്‍ ജനങ്ങളാകെ ഈ സമാധാന യോഗത്തെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണെന്നും ആ പ്രതീക്ഷയെ തകര്‍ക്കുന്ന നടപടി യു.ഡി.എഫ് സ്വീകരിക്കാന്‍ പാടില്ലായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത എല്‍.ഡി.എഫിന്റെ പ്രതിനിധികള്‍ മാത്രമല്ല യു.ഡി.എഫ് ഒഴിച്ചുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികളെല്ലാം സമാധാന യോഗം ബഹിഷ്‌ക്കരിച്ച നടപടി ഈ യോഗത്തെ അപമാനിച്ച ഒന്നായിപ്പോയി എന്ന് പറഞ്ഞിട്ടുണ്ട്.

അവര്‍ ചിലയാവശ്യങ്ങള്‍ സമാധാനയോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ആ ആവശ്യങ്ങള്‍ സംബന്ധിച്ച് സത്വരമായ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നമ്മളും ആവശ്യപ്പെട്ടത് പ്രാദേശിക അടിസ്ഥാനത്തില്‍ ഒരു സമാധാന യോഗം പാനൂരില്‍ നടക്കണമെന്നാണ്.

പാനൂര്‍, ചൊക്ലി, കൊളവല്ലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഈ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായിട്ട് പലതും നടന്നിട്ടുണ്ട്. കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. അത് ആരും അംഗീരിക്കുന്നില്ല. പക്ഷേ അതിനെ തുടര്‍ന്ന് സി.പി.ഐ.എമ്മിന്റെ നിരവധി ഓഫീസുകള്‍, വീടുകള്‍, സ്റ്റുഡിയോ, കടകള്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. പാര്‍ട്ടി ഓഫീസും കടകളും കത്തിച്ചു. ചില വീടുകള്‍ പൂര്‍ണമായും തകര്‍ത്തു. പാര്‍ട്ടി ഓഫീസിന് തീ വെച്ചപ്പോള്‍ തൊട്ടടുത്ത കെട്ടിടത്തിലും തീ പടര്‍ന്നിട്ടുണ്ട്. ഇതൊന്നും പറയാതിരിക്കാനാവില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള ചോദ്യത്തിന് അയാള്‍ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായമല്ലെന്നും അത് ജയരാജന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു എം.വി ജയരാജന്റെ മറുപടി.

മാധ്യമപ്രവര്‍ത്തകരെ ലീഗുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച വാര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയില്ലെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. അവിടെ നടന്ന കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് പറയുമ്പോള്‍ തന്നെ അതിനെ തുടര്‍ന്ന് ഒരു പാട് കുടുംബങ്ങള്‍ക്ക് വലിയ ദുഖമുണ്ടാക്കിയ പലതും അവിടെ നടന്നിട്ടുണ്ടെന്നും അതും വലിയ സങ്കടമാണെന്നും എം.വി ജയരാജന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടായ അക്രമസംഭവങ്ങളില്‍ കണ്ണൂരില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചത്.

പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നതെന്നും ആരോപിച്ചാണ് സര്‍വ്വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടെന്നും ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. സമാധാന ശ്രമങ്ങളില്‍ സഹകരിക്കാന്‍ തയ്യാറാണെങ്കിലും അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യു.ഡി.എഫ് ആരോപിച്ചു.

ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകം നടന്ന് നാല്‍പ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്റെ കൈവശമുള്ളതെന്നും മനപൂര്‍വ്വം നടപടി എടുക്കാതിരിക്കുകയാണ് പൊലീസെന്നും നേതാക്കള്‍ ആരോപിച്ചു,

അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും പ്രതിഷേധ പരിപാടികള്‍ ജില്ലയിലാകെ സംഘടിപ്പിക്കുനെന്നും യുഡിഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ കൂത്തുപറമ്പില്‍ ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ കൊല്ലപ്പെടുന്നത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന് പിന്നാലെ മേഖലയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ആക്രമണം നടന്ന ഉടനെ മന്‍സൂറിനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിക്കുകയായിരുന്നു.

അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മുഹ്സിന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MV Jayarajan about Koothuparambu Murder