Kerala News
കേരളത്തിന്റെ സാമൂഹ്യ വികസനത്തിൽ ഒരു പങ്കുമില്ലാത്ത സംഘടനകളാണ് ആർ.എസ്.എസും ബി.ജെ.പിയും: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ വികസനത്തിൽ ഒരു പങ്കുമില്ലാത്ത സംഘടനകളാണ് ആർ.എസ്.എസും ബി.ജെ.പിയുമെന്ന് സി.പി.ഐ.എം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ.
കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ആവുമോ എന്ന ഇടപെടലാണ് കേന്ദ്രമന്ത്രി ഉൾപ്പെടെ നടത്തിയിട്ടുള്ളതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
‘കേരളത്തിന്റെ സാമൂഹ്യ വികസനത്തിൽ ഒരു പങ്കുമില്ലാത്ത സംഘടനകളാണ് ആർ.എസ്.എസും ബി.ജെ.പിയും. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ആവുമോ എന്ന ഇടപെടലാണ് കേന്ദ്രമന്ത്രി ഉൾപ്പെടെ നടത്തിയിട്ടുള്ളത്.
നാടിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് ആർ.എസ്.എസും ബി.ജെ.പിയും അവരുടെ നേതാക്കളിൽ പലരും സ്വീകരിച്ചത് എന്നത് ഗൗരവതരവും ഇവരുടെ അജണ്ടകൾ വ്യക്തമാക്കുന്നതുമാണ്.
കേന്ദ്രമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖരന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്.
കേരളത്തിൽ ഹമാസുകൾ ജിഹാദിന്റെ ഭാഗമായി പരസ്യമായി നടത്തിയ ആഹ്വാനം ക്രിസ്ത്യൻ വിഭാഗത്തിനെതിരെ ഇത്തരം അക്രമങ്ങൾ സൃഷ്ടിക്കുകയാണുണ്ടായത് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഒരു കേന്ദ്രമന്ത്രി എന്ന നിലയിൽ ഇത്തരം നിരുത്തരവാദപരമായ സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മന്ത്രി എന്ന നിലയിൽ സർക്കാർ സംവിധാനങ്ങളിൽ നിന്ന് നിജസ്ഥിതി ലഭിക്കുമെന്നിരിക്കെ ഇത്തരമൊരു പ്രസ്താവന നടത്തിയതിന്റെ ഉദ്ദേശ്യം വർഗീയ ധ്രുവീകരണം നടത്തുക എന്നത് തന്നെയാണ്.
കേരളത്തെ കലാപഭൂമിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരം പ്രസ്താവനകൾ നൽകിയിരുന്നത്. ഉത്ഭുദ്ധ കേരളം ഈ ദുഷ്ടലാക്കിനെ പൊളിച്ചുകൊടുത്തു എന്നതാണ് വസ്തുത.
കേരളത്തിൽ കഴിഞ്ഞ കുറച്ചു കാലമായി ന്യൂനപക്ഷ ജനാവിഭാഗങ്ങളെ തമ്മിലടിപ്പിക്കുക എന്ന അജണ്ട സംഘപരിവാർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മതനിരപേക്ഷതയുടെ ശക്തമായ അടിത്തറയിൽ കെട്ടിപ്പൊക്കിയ നമ്മുടെ സമൂഹത്തിൽ ആ അജണ്ടകൾ ഏൽക്കാതെ പോകുകയാണുണ്ടായത്,’ ഗോവിന്ദൻ പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്തുന്ന ധർമ സദസുകളിൽ മുസ്‌ലിം വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് നിരന്തരം ഉയർന്നു കേൾക്കുന്നതെന്നും ഹിന്ദുത്വവാദികൾ രാജ്യത്ത് ക്രിസ്ത്യൻ വേട്ട നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടത്തുന്ന ധർമ സദസുകളിൽ മുസ്‌ലിം വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് നിരന്തരം ഉയർന്നു കേൾക്കുന്നത്.
ഗ്രഹാം സ്റ്റെയിൻസിനെയും മക്കളേയും ചുട്ടുകൊന്നത് തൊട്ട് ഗുജറാത്തിലും മധ്യപ്രദേശിലും ഒഡിഷയിലും ഹിന്ദുത്വവാദികൾ നടത്തിയ ക്രിസ്ത്യൻ വേട്ട പുറത്തുവന്നതാണ്.
ഒരു വർഗീയതയെയും താലോലിക്കുന്ന നിലപാട് സംസ്ഥാന സർക്കാരിനില്ല,’ അദ്ദേഹം പറഞ്ഞു.
സീതാറാം യെച്ചൂരി എം.വി. ഗോവിന്ദന്റെ നിലപാടുകളെ തള്ളി എന്ന വാർത്ത അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
‘സീതാറാം യെച്ചൂരി പറഞ്ഞത് ഫലസ്തീൻ വിഷയത്തിലെ പാർട്ടി നിലപാടിനെ സംബന്ധിച്ചാണ്. കേന്ദ്ര കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്ത് പൊതു തീരുമാനമെടുത്തിട്ടുണ്ട് ആ തീരുമാനമാണ് പാർട്ടി നയം എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ നയം തന്നെയാണ് കേരളത്തിലെ പാർട്ടിയും മുന്നോട്ട് നയിച്ചത്. ഈ നിലപാടിനോട് യോജിക്കാത്ത ഏതെങ്കിലും നിലപാടുകളോ പ്രസ്താവനകളോ ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കിൽ അത് അപ്രസക്തമാണ്,’ അദ്ദേഹം പറഞ്ഞു.
കളമശ്ശേരി സ്ഫോടനം നടന്നപ്പോൾ ഫലസ്തീൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നടപടികളെ അനുവദിക്കില്ലെന്ന മാധ്യമങ്ങളോടുള്ള തന്റെ പ്രസ്താവന പിന്നീട് വളച്ചൊടിക്കുകയായിരുന്നു എന്നും ഗോവിന്ദൻ പറഞ്ഞു.
Content Highlight: MV Govindhan against BJP and RSS