| Wednesday, 2nd August 2023, 2:57 pm

ഷംസീര്‍ മാപ്പ് പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തിപ്പറയുകയും ചെയ്യില്ല: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മിത്ത്-ശാസ്ത്ര പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മാപ്പ് പറയുകയോ തിരുത്തി പറയുകയോ ചെയ്യില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണെന്നും ഇതുതന്നെയാണ് ശശി തരൂരും നെഹ്‌റുവും മുന്‍പ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘മാപ്പ് പറയാനും ഉദ്ദേശിക്കുന്നില്ല, തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തി പറയണമെങ്കില്‍ ഇങ്ങനെ പറയില്ലല്ലോ, തിരുത്തേണ്ട സാധനങ്ങള്‍ തിരുത്തേണ്ട പോലെ അല്ലേ പറയുക. തിരുത്തേണ്ട ഒരു കാര്യവും ഇതിനകത്തില്ല. ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ഇതുതന്നെയാണ് ശശി തരൂരും മുന്‍പ് പറഞ്ഞത്. നെഹ്‌റു പറഞ്ഞതും അത് തന്നെയാണ്. ഇനിയിപ്പോള്‍ വി.ഡി. സതീശന്‍ എന്താ പറയുകയെന്ന് നോക്കട്ടെ. നെഹ്‌റു പറഞ്ഞതും ഇതുതന്നെയാണ്. ആ പുസ്തകമൊക്കെ വായിച്ച് നോക്കണം. ഒന്നുമല്ലെങ്കില്‍ മകള്‍ക്ക് അയച്ച കത്തെങ്കിലും വായിക്കണം, അത് ചെറുതാണ്,’ ഗോവിന്ദന്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ സമുദായ സംഘടനകള്‍ മുന്നോട്ട് കൊണ്ടുവന്ന പ്രശ്‌നത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ആര്‍.എസ്.എസും കോണ്‍ഗ്രസുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മിത്തിനെ മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും കാണണമെന്നും അദ്ദേഹം പറഞ്ഞു.

‘മനുഷ്യ സമൂഹം മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ആ മുന്നോട്ട് പോയികൊണ്ടിരിക്കുന്നതിന്റെ ഭാഗമായിട്ട് ശാസ്ത്രം സര്‍വതല സ്പര്‍ശിയായ മേഖലകളില്‍ വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത് അതിനെ പിന്നാക്കം വലിക്കാനുള്ള ഒരു ശ്രമവും ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നാണ് ഞാന്‍ പറഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ സമുദായ സംഘടനകള്‍ മുന്നോട്ട് കൊണ്ടുവന്ന പ്രശ്‌നത്തെ രാഷ്ട്രീയമായി ആദ്യം ഉപയോഗിച്ചത് ആര്‍.എസ്.എസ് ആണ്. പിന്നെ ഉപയോഗിച്ചത് കോണ്‍ഗ്രസ് ആണ്. ഇപ്പോള്‍ അവരിത് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. മിത്തിനെ മിത്തായി കാണണം, ചരിത്രത്തെ ചരിത്രമായി കാണണം, ശാസ്ത്രത്തെ ശാസ്ത്രമായി കാണണം എന്നാണ് ഞാന്‍ ആദ്യമേ പറഞ്ഞത്. അതാണ് ശരിയായ കാഴ്ചപ്പാട്. അതിന് പകരം ഇതിനെ ഉപയോഗപ്പെടുത്തി വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടത്തുന്നത് സമുദായത്തിന്റെ പേരില്‍ ആയാലും രാഷ്ട്രീയത്തിന്റെ പേരില്‍ ആയാലും ശരിയായ സമീപനം അല്ല,’ ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: MV Govindan support AN Shamseer

We use cookies to give you the best possible experience. Learn more