തിരുവനന്തപുരം: തൃശൂരിന് പിന്നാലെ കണ്ണൂരും എടുക്കുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കണ്ണൂര്‍ ആര്‍ക്കുവേണമെങ്കിലും എടുക്കാം. എടുക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല, മൂന്നോ നാലോ ഒക്കെയായി എടുക്കാം എന്നായിരുന്നു എം.വി ഗോവിന്ദന്റെ പരാമര്‍ശം.
‘ആര്‍ക്കാ എടുത്തൂടാത്തത്? മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ തീര്‍ച്ചയായും എടുക്കും. എടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ല.
അറക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമായിരുന്നു കെട്ടാന്‍ വന്ന ആള്‍ക്ക്. പക്ഷേ ബീവിക്ക് സമ്മതമില്ല. അതാണ് കാര്യം. സിനിമാ ഡയലോഗ് കൊണ്ടൊന്നും കേരളം രക്ഷപ്പെടൂല,’ എം.വി ഗോവിന്ദന്‍ പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നോ കണ്ണൂരില്‍ നിന്നോ മത്സരിക്കാന്‍ തയ്യാറാണെന്ന് നടന്‍ സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമിത് ഷായുടെ നേതൃത്വത്തില്‍ തൃശൂരില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ ജനങ്ങള്‍ തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘തൃശൂര്‍ ഞാനിങ്ങെടുക്കുകയാണ്. ഏത് ഗോവിന്ദന്‍ വന്നാലും ശരി. ഞാന്‍ ഹൃദയം കൊണ്ടാവശ്യപ്പെടുന്നു തൃശൂര്‍ക്കാരെ നിങ്ങള്‍ എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്ന്, ഞാനിങ്ങെടുക്കും,’ സുരേഷ് ഗോപി പറഞ്ഞു.
കണ്ണൂര്‍ തരാനും കണ്ണൂര്‍ താന്‍ എടുക്കുമെന്നും അമിതാഷായോട് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Content Highlight: MV Govindan slams Suresh gopi on his statement about Kannur