കണ്ണൂര്‍: വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം. വി ഗോവിന്ദന്‍. വിശ്വാസികളെ അംഗീകരിച്ച് കൊണ്ടു മാത്രമേ ഈ കാലത്ത് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും ഗോവിന്ദന്‍ പറഞ്ഞു.
അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഇന്ത്യയില്‍ ഓരോരുത്തരും ജനിച്ച് വീഴുന്നത് ഹിന്ദുവോ മുസ്‌ലിമോ പാഴ്‌സിയോ ആയാണെന്നും അത് മനസിലാക്കിയേ മുന്നോട്ട് പോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം.
‘പ്രാഥമികമായി ഏത് മനുഷ്യനും ഈ പരമ്പരാഗത ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമായി ജനിച്ച് വളരുന്നത് ഒരു ഹിന്ദുവായിട്ടാണ്. അല്ലെങ്കില്‍ മുസ്‌ലിമോ പാഴ്‌സിയോ സിഖോ ആയിട്ടാണ്.
വൈരുദ്ധ്യാത്മക ഭൗതിക വാദം ഇന്നത്തെ ഇന്ത്യയില്‍ ഒരിക്കലും സാധിക്കുന്ന ഒന്നല്ല. പലരുടെയും ധാരണ വൈരുദ്ധ്യാത്മക ഭൗതിക വാദം പകരം വെക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നാണ്. അങ്ങനെ സാധിക്കുന്ന ഒന്നല്ല അത്.
പൂര്‍ണമായി സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന തികച്ചും ശരിയായ ശാസ്ത്രം ഭൗതിക വാദം പോലും ശക്തിപ്പെടാത്ത ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ ആശയപരിസരങ്ങളില്‍ ഫലപ്രദമായ ബദലായി ഉപയോഗപ്പെടും എന്ന് പറയുന്നത് ഒരിക്കലും ഈ ഘട്ടത്തില്‍ സംഭവിക്കുന്ന ഒന്നായിരിക്കില്ല,’ അദ്ദേഹം പറഞ്ഞു.
ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനികളായാലും അതില്‍ വലിയൊരു വിഭാഗവും വിശ്വാസികളാണ്. കേരളത്തെ വെച്ച് നോക്കുമ്പോള്‍ വിശ്വാസികളെയും വിശ്വാസത്തിന് അടിസ്ഥാനമായിട്ടുള്ള ജൈവിക സങ്കല്‍പങ്ങളെയുമെല്ലാം തള്ളിപ്പറഞ്ഞുകൊണ്ട് വൈരുദ്ധ്യാത്മക ഭൗതിക വാദമെന്ന ദാര്‍ശനിക പ്രപഞ്ചത്തെ ഇന്നത്തെ ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ ബദലായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. സുധാകരനെതിരെയും അദ്ദേഹം പരാമര്‍ശം നടത്തി. സുധാകരന്റേത് ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെ ഭാഷയാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്.
‘നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഇടതുപക്ഷവും ചേര്‍ന്ന് ഇന്ത്യന്‍ സമൂഹത്തില്‍ വരുത്തിയമാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പഴയ സവര്‍ണ സമൂഹത്തിന്റെ ചട്ടമ്പികളും ഭരണവര്‍ഗത്തിന്റെ പുതിയ താത്പര്യങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തുന്നവരും ഇന്നുമുണ്ട്. അതിലൊരാളാണ് കെ. സുധാകരന്‍. താന്‍ സവര്‍ണ ജാതിയില്‍പ്പെട്ടയാളല്ലെന്ന് കെ സുധാകരന്‍ തന്നെ പറഞ്ഞു. പക്ഷെ ഇന്ത്യയിലെ കുത്തക സാമ്രാജ്യത്വത്തിന്റെയും പ്രതീകമായ ഭരണകൂട സംവിധാനത്തെ താങ്ങി നിര്‍ത്തുന്ന നിയമനിര്‍മാണ സഭയിലെ അംഗമായ സുധാകരന്റെ ഭാഷ ഫ്യൂഡല്‍ മാടമ്പിത്തരത്തിന്റെതാണെന്നതാണ് പ്രശ്‌നം,’ അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക