| Friday, 14th June 2024, 7:56 am

ഹിന്ദുത്വ വര്‍ഗീയതെക്കെതിരെയുള്ള പോരാട്ടം ന്യൂനപക്ഷ പ്രീണനനമല്ല: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പെരിന്തല്‍മണ്ണ: ഹിന്ദുത്വ വര്‍ഗീയതെക്കതിരെയുള്ള പോരാട്ടം ന്യൂനപക്ഷ പ്രീണനനമല്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഈ പോരാട്ടം ഇന്ത്യന്‍ ഭരണഘടനയെ നിലനിര്‍ത്താനുള്ളതാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ നടന്ന ‘ഇ.എം.എസിന്റെ ലോകം’ ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനത്തെയും അംഗീകരിക്കാനാവില്ലെന്നാണ് ഹിന്ദുത്വ വാദികളുടെ പ്രഖ്യാപനമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അവരുടെ ലക്ഷ്യമെന്നത് തന്നെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ മനുസ്മൃതി നടപ്പിലാക്കുക എന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികത്തില്‍ രാജ്യത്തെ മത രാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള ലക്ഷ്യം ഈ തെരഞ്ഞെടുപ്പില്‍ പൊലിഞ്ഞുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 2025ല്‍ ഹിന്ദുത്വവാദികളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാവില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് മനസിലാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വലതുപക്ഷം ഇത്രമേല്‍ കരുത്ത് പ്രാപിച്ച ഒരു വര്‍ഷം വേറെ ഉണ്ടായിട്ടില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതിനുള്ള വലിയ ഉദാഹരണമാണ്, ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ജനതയെ മുഴുവന്‍ ഇല്ലാതാക്കിക്കൊണ്ട് യുദ്ധം ചെയ്യുമെന്നാണ് ഇസ്രഈലിന്റെ പ്രഖ്യാപനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകളെയും കുട്ടികളെയും ഇല്ലാതാക്കിയും അഭയാര്‍ത്ഥി ക്യാമ്പുകള്‍ തകർത്തുമാണ് ഇസ്രഈല്‍ ഗസയില്‍ യുദ്ധം നടത്തുന്നത്. യാഥാര്‍ഥ്യത്തില്‍ ഇസ്രഈല്‍ യുദ്ധകുറ്റവാളിയാണ്. അവര്‍ക്ക് സഹായം നല്‍കുന്നത് തീവ്രവലതുപക്ഷമായ അമേരിക്കയും, ഒപ്പം ഇന്ത്യയുമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സാമ്രാജ്യത്വം ശക്തിപ്രാപിച്ചാല്‍ തീവ്രവലതുപക്ഷത്തായിരിക്കും ചെന്നെത്തുക എന്ന ഇ.എം.എസിന്റെ വീക്ഷണമാണ് ഇന്ത്യയിലും ലോകത്തും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: MV Govindan said that the fight against Hindutva communalism is not about appeasing minorities

Latest Stories

We use cookies to give you the best possible experience. Learn more