തിരുവനന്തപുരം: കേരള സര്‍ക്കാരിനെയും പാര്‍ട്ടിയെയും തകര്‍ക്കുന്നതിനായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും കാലങ്ങളായി പ്രചരണം നടത്തുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഈ പ്രചരണങ്ങള്‍ ഏറ്റെടുത്ത് വലതുപക്ഷത്തിന്റെ വക്കാലത്തുമായാണ് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പി.വി. അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായി മാറിയിരിക്കുകയാണ്. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും പാര്‍ട്ടി സഖാക്കളും രംഗത്തിറങ്ങണം. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത വ്യക്തിയാണ് പി.വി. അന്‍വറെന്ന് മനസിലാക്കി തരികയാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയാണ് പി.വി. അന്‍വര്‍. പിന്നീട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും മത്സരിക്കുകയും ചെയ്തു. പാര്‍ട്ടിയിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന അന്‍വറിന്റെ വാദം തെറ്റാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പി.വി. അന്‍വറിന് ഇതുവരെ ഒരു സി.പി.ഐ.എം എം.എല്‍.എയാകാന്‍ കഴിഞ്ഞിട്ടില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. സി.പി.ഐ.എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ മാത്രമാണ് പി.വി. അന്‍വര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയിലെന്നും എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നയം ഇതുപോലൊരു വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കാന്‍ കഴിയില്ല. എന്നാല്‍ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളോടൊപ്പം ജനകീയ പ്രശ്‌നങ്ങളില്‍ പരിഹാരം കൈകൊണ്ട് തന്നെയാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ കാഴ്ചപ്പാട് സാധാരണക്കാരന് നീതി തേടുന്നതിനും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണികളുടെ പേരില്‍ താരമാകാന്‍ അന്‍വറിന് അര്‍ഹതയില്ല. ജനങ്ങളുടെ പരാതികള്‍ നിരന്തരം പരിശോധിക്കുക എന്നത് പാര്‍ട്ടിയുടെ നയമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും ഇത് തന്നെയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളിലും അന്വേഷണം നടത്തുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥനായ ഡി.ജി.പിയെ നിയോഗിക്കുകയുണ്ടായെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അന്വേഷണത്തിനൊടുവില്‍ പത്തനംത്തിട്ട എസ്.പി ആയിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ആരോപണമുന്നയിച്ചിരുന്നില്ല. പിന്നാലെ രണ്ടാമതും ഒരു പരാതി നല്‍കുകയുണ്ടായി. ഈ പരാതിയിലാണ് ശശിക്കെതിരായ ആരോപണം ഉന്നയിച്ചത്. രണ്ട് പരാതികളും പാര്‍ട്ടി നേതൃത്വം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ താറടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ യു.ഡി.എഫ് തയ്യാറായില്ല. എന്നാല്‍ ബി.ജെ.പി നിലപാടുകള്‍ പുലര്‍ത്തികൊണ്ട് സി.പി.ഐ.എം ബി.ജെ.പിക്കൊപ്പമെന്ന് പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിച്ചുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിക്കുമ്പോള്‍ സുപ്രീം കോടതി ഉയര്‍ത്തിയത്, പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ കേസില്‍ ചേര്‍ത്ത നീക്കത്തിനെതിരെയാണ്. സമാനമായ ആരോപണവും പ്രവൃത്തിയുമാണ് അന്‍വര്‍ നടത്തിയത്. പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പിണറായി വിജയന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയാണെന്നും അന്‍വര്‍ പ്രഖ്യാപിക്കുകയുണ്ടായി. താന്‍ മുഖ്യമന്ത്രിക്കൊപ്പം തന്നെയാണെന്ന് പറഞ്ഞാണ് ഇക്കാര്യങ്ങളെല്ലാം പി.വി. അന്‍വര്‍ ചെയ്യുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ക്ക് ഇത്തരത്തില്‍ സംസാരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. പി.വി. അന്‍വറിനെ ഏതെങ്കിലും ഒരു പക്ഷത്തേക്ക് തള്ളുക എന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌ക്കറിയയെയും പൂട്ടിക്കണമെന്ന് ആവശ്യപ്പെട്ട അന്‍വര്‍, മറുനാടന്‍ ചാനല്‍ പ്രചരിപ്പിച്ച അതെ കാര്യങ്ങളാണ് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇത് ഒരു തരത്തില്‍ വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏതൊരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെയും ലക്ഷ്യം എന്നത് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം പ്രചരിപ്പിക്കുന്നത്, സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനനയമാണ് സ്വീകരിക്കുന്നതെന്നാണ്. ഈ പ്രചരണം വര്‍ഗീയമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പി.വി. അന്‍വര്‍ നേരത്തെ മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച വ്യക്തിയാണ്. റിയാസ് മത്സരിച്ചത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആയിരിക്കെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തി മുന്നോട്ടുപോകാന്‍ പി.വി. അന്‍വര്‍ തയ്യാറായില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
പി.വി. അന്‍വറിന്റെ നിലപാടുകള്‍ കൊണ്ട് അദ്ദേഹവുമായുള്ള എല്ലാം ബന്ധവും സി.പി.ഐ.എം ഉപേക്ഷിച്ചു. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ അന്‍വറിനെതിരെ നടപടിയില്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എ.ഡി.ജി.പിയെ സംരക്ഷിക്കുക എന്നത് പാര്‍ട്ടിയുടെ നയമല്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പിയെ എന്നല്ല ആരെയും പാര്‍ട്ടിക്ക് സംരക്ഷിക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
Content Highlight: MV Govindan said that PV Anvar is the ax of the right wing