തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനറെ സി.പി.ഐ.എം നടത്തുന്ന പരിപാടിയില്‍ ആരും ക്ഷണിക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവരും സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലല്ലോ. ഒരു സ്വാഗതസംഘം രൂപികരിച്ച് അതിന്റെ ഭാഗമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. എല്‍.ഡി.എഫ് കണ്‍വീനറായ ഒരാളെയൊന്നും ആരും ക്ഷണിക്കേണ്ട കാര്യമില്ല. നമ്മളൊക്കെ ക്ഷണിച്ചിട്ടാണോ വരുന്നത്. എന്തുകൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണം. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ബാധകമല്ലെന്ന് പറയാനാകില്ലല്ലോ.
എല്‍.ഡി.എഫ് ജാഥ നടത്തിയപ്പോഴും പങ്കെടുക്കില്ല എന്ന് നിങ്ങള്‍(മാധ്യമങ്ങള്‍) പറഞ്ഞില്ലേ. പിന്നെ അദ്ദേഹം പങ്കെടുത്തില്ലേ. അതുപോലെ വേറെ പരിപാടികളില്‍ പങ്കെടുക്കും. നിരവധി പരിപാടികള്‍ ഇനി വരാന്‍ പോകുകയാണ്. അതില്‍ ജയരാജന്‍ അടക്കമുള്ളവര്‍ പങ്കെടുക്കും,’ ഗോവിന്ദന്‍ പറഞ്ഞു.
നിലപാട് സ്വീകരിച്ചാല്‍ വ്യക്തിനിയമനത്തിനായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസിനെയും സി.പി.ഐ.എം സഹകരിപ്പിക്കും. ഇപ്പോള്‍ അവര്‍ക്ക് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ ഭാഗമായിട്ടോ ഏതെങ്കിലും സമുദായത്തിന്റെ ഭാഗമായിട്ടോ അല്ല സി.പി.ഐ.എം സെമിനാര്‍. ഫാസിസത്തിനെതിരായ ശക്തമായ പ്രതിരോധമാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ഇന്ന് സെമിനാര്‍ നടക്കുമ്പോള്‍ നിലവില്‍ ജയരാജന്‍ നിലവില്‍ തരുവനന്തപുരത്താണ്. തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാന പരിപാടിയില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും.
അതേസമയം, ഏക വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നടക്കുന്ന ‘ജനകീയ ദേശീയ സെമിനാര്‍’ ഇന്ന് വൈകീട്ട് നാലിന് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററില്‍ സി.പി.ഐ.എം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
Content Highlight: MV Govindan said that no one should invite the LDF convener to the program organized by the CPI(M)