'ഒരാളുടെ വസ്ത്രധാരണത്തിലേക്ക് കടന്നുകയറേണ്ട'; അനില്‍കുമാറിന്റേത് പാര്‍ട്ടിവിരുദ്ധ പരാമര്‍ശമെന്ന് എം.വി. ഗോവിന്ദന്‍
തിരുവന്തപുരം: സി.പി.ഐ.എം സംസ്ഥാന സമിതി അംഗം അഡ്വ. കെ. അനില്‍കുമാറിന്റെ തട്ടത്തെ കുറിച്ചുള്ള പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടിന് യോജിച്ചതല്ല എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതല്ലെന്നും ഒരാളുടെ വസ്ത്രധാരണത്തിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുസ്‌ലിങ്ങളോ അല്ലെങ്കില്‍ സാധാരണ മനുഷ്യരോ എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്നത് സംബന്ധിച്ച വിഷയങ്ങള്‍ ഒരു കോടതിയുടെ പ്രശ്‌നമായിട്ട് മാറ്റുന്നതിനോട് നമുക്കാര്‍ക്കും യോജിപ്പില്ല. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകശമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന ഒരു കാര്യം കൂടിയാണത്. അതുകൊണ്ട് ഹിജാബ് സംബന്ധ പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
അത് അഖിലേന്ത്യ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്, കേരളത്തിലെ പാര്‍ട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഒരാളുടെ വസ്ത്രധാരണത്തിലേക്ക് കടന്നുകയറേണ്ട ഒരു നിലപാടും ഒരാളും സ്വീകരിക്കേണ്ടതില്ല. അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായതുകൊണ്ട് പാര്‍ട്ടി വ്യക്തമായി ചൂണ്ടിക്കാണിക്കുകയാണ് ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതില്ല. ഔദ്യോഗികമായി തന്നെ പാര്‍ട്ടി അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും അത് തന്നെയാണ് വ്യക്തമാക്കാനുള്ളത്,’ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു സി.പി.ഐ.എം നേതാവ് അഡ്വ. കെ. അനില്‍കുമാര്‍ പറഞ്ഞത്. സി. രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് അനില്‍കുമാറിന്റെ പ്രതികരണം. ഏകീകൃത സിവില്‍കോഡുമായി ബന്ധപ്പെട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു കെ. അനില്‍കുമാര്‍.
അഡ്വ. കെ. അനില്‍കുമാന്റെ വിവാദ പ്രസ്താവനക്കെതിരെ പ്രതികരിച്ച് സി.പി.ഐ.എം സ്വതന്ത്ര എം.എല്‍.എ കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കുന്നത് തികഞ്ഞ വിവരക്കേടാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പ്രതികരിച്ചു.
തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമല്ലെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.
Content Highlights: MV Govindan Master reacts on Anil Kumar’s hijab statement