എം.വി. ഗോവിന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍
Kerala News
എം.വി. ഗോവിന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st October 2022, 1:33 pm

ന്യൂദല്‍ഹി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പൊളിറ്റ് ബ്യൂറോയില്‍. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം.വി. ഗോവിന്ദന്‍ പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നിറവേറ്റുമെന്ന് പി.ബിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

17 അംഗങ്ങളാണ് സി.പി.ഐ.എം പി.ബിയിലുള്ളത്. അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17ാമനാകും എം.വി. ഗോവിന്ദന്‍.

നിലവില്‍, പി.ബിയില്‍ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ മൂന്നാമതാണ് പിണറായി വിജയന്‍. ആറാമതായിരുന്നു കോടിയേരി. പട്ടികയില്‍ 16ാമതാണ് എ. വിജയരാഘവന്‍.

കോടിയേരി ബാലകൃഷ്ണന് രോഗാവസ്ഥമൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28നാണ് എം.വി. ഗോവിന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. രണ്ടാം പിണറായി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി ആയിരിക്കെയാണ് കേന്ദ്രകമ്മിറ്റിയംഗമായിരുന്ന എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്.

Content Highlight: MV Govindan in CPIM Polit Bureau