കണ്ണൂര്‍: സി.ഒ.ടി നസീറിനു നേരെയുണ്ടായ വധശ്രമത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍. നസീറിനെ ആക്രമിച്ചതുകൊണ്ട് സി.പി.ഐ.എമ്മിനു നേട്ടമില്ലെന്നും അതിന്റെ ഗുണഭോക്താവ് ആരെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആരെയെങ്കിലും കൊന്നൊടുക്കിയിട്ട് പാര്‍ട്ടിയെ വളര്‍ത്തല്‍ സി.പി.ഐ.എമ്മിന്റെ നിലപാടല്ലെന്നും തലശ്ശേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എം.വി ഗോവിന്ദന്‍ പറഞ്ഞു.
‘ആളെക്കൊല്ലാന്‍ ശ്രമിച്ചിട്ട് ഒരു പാര്‍ട്ടിയും വളരില്ല. ആരെയെങ്കിലും ഉന്മൂലനം ചെയ്തിട്ട് സി.പി.ഐ.എമ്മിന് വളരാനാകില്ല. നസീറിനെ ആക്രമിച്ചതില്‍ മാര്‍ക്‌സിസ്റ്റുകാരുണ്ടാകാം. എന്നാല്‍, അത്തരക്കാരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. പൊലീസ് അന്വേഷണത്തില്‍ പ്രതിയെന്ന് കണ്ടെത്തുന്ന ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല.’- ഗോവിന്ദന്‍ പറഞ്ഞു.
ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് രാഷ്ട്രീയം ഇല്ലെന്നും എന്നാലിവര്‍ക്ക് എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്നും ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.എന്‍ ഷംസീര്‍ നേരത്തേ ആരോപിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്നേഹമല്ലെന്നും സി.പി.ഐ.എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഷംസീര്‍ കുറ്റപ്പെടുത്തി.
തലശ്ശേരിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഷംസീറിന്റെ പ്രതികരണം. ഷംസീറിനോടൊപ്പമുള്ളവരാണ് തന്നെ ആക്രമിച്ചതെന്നും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി. ജയരാജനെ പ്രതിക്കൂട്ടിലാക്കാനാണ് വോട്ടെടുപ്പ് കഴിഞ്ഞ ഉടന്‍ ആക്രമിച്ചതെന്നും നസീര്‍ നേരത്തേ ആരോപിച്ചിരുന്നു.
തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്ന് സി.ഒ.ടി നസീര്‍ നേരത്തേ ആരോപിച്ചിരുന്നു. ‘തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചുവരുത്തി അടിച്ചു കാലുമുറിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് ഒരു യോഗത്തില്‍ ആദ്യം ഉന്നയിച്ചതു ഞാനാണ്. രണ്ടാമതും മൂന്നാമതും എഴുന്നേറ്റവരെ സംസാരിക്കാന്‍ വിടാതെ ഇരുത്തി. എന്നോടും ഇരിക്കൂ, അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നു പറഞ്ഞിരുന്നു.’- നസീര്‍ പറഞ്ഞു.
ഷംസീറിന്റെ പേര് വെറുതെ പറഞ്ഞതല്ല. അക്രമിക്കാനുണ്ടായ സാഹചര്യം, പ്രതികളുമായുള്ള ബന്ധം ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസാണ്. ഷംസീര്‍ എനിക്ക് അടുത്തറിയാവുന്ന ആളാണ്. ഒരു നിയന്ത്രണവുമില്ലാതെ എന്റെ വീട്ടില്‍ ഇടപഴകിയിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ മാതാവിനു സുഖമില്ലാതെ വരുമ്പോള്‍ ഞാനാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ശത്രുവാകുന്നതാണ് എനിക്കു മനസ്സിലാകാത്തത്.
ആരുപറഞ്ഞിട്ടാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നു കുണ്ടുചിറയിലെ പൊട്ടി സന്തോഷിനെ ചോദ്യംചെയ്താല്‍ മനസ്സിലാകും. ഇയാള്‍ പറഞ്ഞിട്ടാണ് അക്രമം നടത്തിയതെന്ന് കേസില്‍ അറസ്റ്റിലായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.’- നസീര്‍ പറഞ്ഞു.