തിരുവന്തപുരം: മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്നാണ് അവര്‍ എത്തിച്ചേര്‍ന്ന നിലപാടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സെമിനാറില്‍ ക്ഷണിച്ച ഒരുപാട് പേരില്‍ ഒരാള്‍ പങ്കെടുക്കാത്തത് പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരായി സി.പി.ഐ.എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് ഇന്ന് അറിയിച്ചിരുന്നു. അതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ മുസ്‌ലിം സമുദായത്തിലേയും ക്രിസ്തീയ വിഭാഗങ്ങളിലെയും നേതൃത്വം, പട്ടികജാതി വിഭാഗത്തിന്റെ നേതൃത്വം തുടങ്ങി വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യപ്രസ്ഥാനമാണ് വരുന്ന 15ാം തിയ്യതി കോഴിക്കോട് വെച്ച് നടക്കുന്ന സെമിനാറിന്റെ ഭാഗമായിട്ട് ഉണ്ടാവുക. മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ ഭാഗമായി നില്‍ക്കുന്നൊരു പാര്‍ട്ടിയാണ്. പാര്‍ട്ടി എന്ന നിലക്ക് പങ്കെടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് അവര്‍ ചര്‍ച്ച ചെയ്ത് എത്തിച്ചേര്‍ന്ന തീരുമാനം.
ലീഗ് വരാത്തത് തിരിച്ചടിയല്ല. ഞങ്ങള്‍ നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ ഞങ്ങള്‍ ക്ഷണിക്കാന്‍ സ്വീകരിച്ച കുറേ ആളുകളില്‍ ഒരാള്‍ വരുന്നില്ലെന്നത് തിരിച്ചടിയല്ല. ഏക സിവില്‍ കോഡിനെതിരെയുള്ള ഐക്യം മുന്നോട്ട് പോകണമെന്ന് തന്നെയാണ് അവരും പറയുന്നത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരെ ശക്തമായ സമരങ്ങള്‍ ഇന്ത്യയില്‍ നടത്തേണ്ടി വരുമെന്നും ഈ സെമിനാര്‍ അതിനൊരു തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇതൊരു തുടക്കമാണ്. ഏക സിവിലിനെതിരെ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും ഇന്ത്യയില്‍ നടക്കേണ്ടി വരും. ആ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും എല്ലാവര്‍ക്കും ചേരാനാകുമെന്നാണ് മുസ്‌ലിം ലീഗ് പോലും പറഞ്ഞ് വെച്ചിട്ടുള്ളത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് മൃതുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണെന്നും സിവില്‍ കോഡ് അവര്‍ക്ക് പ്രശ്‌നമുള്ള കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ തന്നെ സിവില്‍ കോഡ് നടപ്പിലാക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പാണക്കാട് വെച്ച് ചേര്‍ന്ന യോഗത്തിലായിരുന്നു ഏക സിവില്‍ കോഡിനെതിരെയുള്ള സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ലീഗ് തീരുമാനിച്ചത്. യു.ഡി.എഫില്‍ നിന്ന് ലീഗിനെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് ലീഗിന് സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നുമാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ മാധ്യങ്ങളോട് പറഞ്ഞത്.
‘ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ സെമിനാറുകള്‍ നടത്താന്‍ അവകാശമുണ്ട്. അതില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനും അവകാശമുണ്ട്. ഇവിടെ മുസ്‌ലിം ലീഗ് യു.ഡി.എഫിന്റെ പ്രധാന ഘടക കക്ഷിയാണ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ രാജ്യത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിക്കുക ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനാണെന്ന് നമുക്ക് അറിയാം. അവരുടെ നേതൃത്വത്തിനാണ് ഇതിന് ശക്തി നല്‍കാന്‍ സാധിക്കുകയുള്ളൂ.
അതുകൊണ്ട് തന്നെ ലീഗിന് എല്ലാവരുമായും കൂടിച്ചേര്‍ന്ന് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകുള്ളൂ. പ്രത്യേകിച്ച് ഇപ്പോള്‍ സി.പി.ഐ.എം വിളിച്ചത് ലീഗിനെ മാത്രമാണ്. യു.ഡി.എഫിന്റെ മറ്റ് ഘടകകക്ഷികളെ ക്ഷണിച്ചിട്ടില്ല. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ ഏറ്റവും പ്രധാന ഘടക കക്ഷിയെന്ന നിലക്ക് മുസ്‌ലിം ലീഗിന് ഈ സെമിനാറില്‍ പങ്കെടുക്കാന്‍ സാധിക്കില്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.ഐ.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. പൗരത്വ വിഷയത്തിലേത് പോലെ തന്നെ സി.പി.ഐ.എമ്മിനൊപ്പം നില്‍ക്കുമെന്നാണ് കോഴിക്കോട് കൂടിയ സമസ്ത യോഗത്തിന് ശേഷം സമസ്ത ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്.
‘സിവില്‍ കോഡ് വിഷയത്തില്‍ സമസ്ത ആര് നടത്തുന്ന പരിപാടികളുമായും സഹകരിക്കും. സി.പി.ഐ.എം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കും.കേരളത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പമുണ്ടാകും. ഏത് പാര്‍ട്ടിക്ക് ഒപ്പവും നില്‍ക്കും,’ എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.
content highlights: mv govindan against muslim league