| Tuesday, 13th June 2023, 11:04 am

ആ വാചകമേ ഞാന്‍ ഉപയോഗിച്ചിട്ടില്ല: മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്നു, മനോരമ മുഖപ്രസംഗം എഴുതിയത് കൊണ്ടൊന്നും പിന്നോട്ടില്ല: എം.വി ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മാധ്യമങ്ങള്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ കെട്ടി വെക്കുന്നുവെന്നും സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ ധാര്‍ഷ്ഠ്യവും ധിക്കാരവുമല്ല, കൃത്യമായ ആര്‍ജവത്തോടെയുള്ള നിലപാടാണ് ആര്‍ഷൊക്കെതിരെയുള്ള ഗൂഢാലോചനയുടെ കാര്യത്തില്‍ താന്‍ എടുത്തിട്ടുള്ളതെന്നും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പാലക്കാട് പറഞ്ഞു. മനോരമ എഡിറ്റോറിയല്‍ എഴുതിയത് കൊണ്ട് അതില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായിരിക്കുമ്പോള്‍ ആ നിലപാടുകള്‍ തുരുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍

“യഥാര്‍ത്ഥത്തിലുണ്ടായത് ആര്‍ഷോയുടെ പ്രശ്‌നത്തില്‍ ഒരു ഗൂഢാലോചനയുണ്ടായിട്ടുണ്ട്. ആര്‍ഷോ നല്‍കിയ പരാതി അടിസ്ഥാനപ്പെടുത്തി ആ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. സ്‌പെഷ്യല്‍ ടീം കേസെടുത്തു. ആ കേസിലെ എഫ്.ഐ.ആറില്‍ ഉള്‍പ്പട്ടവരെ എങ്ങനെയാണ് കാണുന്നത് എന്നാണ് എന്നോട് ചോദിച്ചത്. ക്രിമിനല്‍ ഗൂഢാലോചന നിയമത്തിന്റെ മുന്നില്‍ കൃത്യമായി വരേണ്ടതാണ്. അത് അങ്ങനെ തന്നെ വരേണ്ടതാണ്. അത് ആരായാലും. അത് പത്രപ്രവര്‍ത്തകയായാലും, രാഷ്ട്രീയക്കാരനായാലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതിന്റെ അപ്പുറം ചേര്‍ത്തതെല്ലാം എന്റെ പേരില്‍ ചേര്‍ത്തതാണ്. തെറ്റായ വാദങ്ങള്‍ ഉന്നയിക്കുക, എന്നിട്ട് ആ വാദത്തെ അടിസ്ഥാനപ്പെടുത്തി ചര്‍ച്ച സംഘടിപ്പിക്കുക, ആ ചര്‍ച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക. അതിന്റെ ഭാഗമായി ആളുകളെ കൊണ്ട് പ്രതികരണങ്ങളെടുക്കുക. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

ഗവണ്‍മെന്റിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഞാന്‍ എല്ലായ്‌പ്പോഴും പറയുന്നത്, മാധ്യമങ്ങള്‍ക്കായാലും ജനങ്ങള്‍ക്കായാലും സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ട്. ഗവണ്‍മെന്റിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് ഞാന്‍ പറഞ്ഞതായി പറഞ്ഞാല്‍ അത് ശുദ്ധഅസംബന്ധമാണ്. ഇന്ന് മലയായാള മനോരമ മുഖപ്രസംഗം എഴുതി. അത് നന്നായി. ഞങ്ങള്‍ അത് കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് ഇടപെടാനും  പ്രതികരിക്കാനും തയ്യാറാണ്. ഞാന്‍ പറയാത്തൊരു കാര്യത്തിന്റെ പേരില്‍ എം.കെ. സാനു ഉള്‍പ്പടെയുള്ള നിഷ്‌കളങ്കരായ ആളുകളോട് പോയി പ്രതികരണം ചോദിച്ചാല്‍ അവര്‍ പ്രതികരിക്കാതിരിക്കുമോ? അത്തരം ചില പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ആരോപണം ഉന്നയിച്ചതല്ല ഗൂഢാലോചന. ബോധപൂര്‍വം ഒരു കേസുണ്ടാക്കുകയാണ് ചെയ്തത്. ഒരു രാഷ്ട്രീയ ആരോപണവുമായിരുന്നില്ല അത്. ഇവരെല്ലാവരും അവിടെയുണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ ആ ക്ലിപ് കാണണം. ഇവരെല്ലാം അവിടെ ഒരുക്കി വെച്ചിട്ടുണ്ട്. പ്രിന്‍സിപ്പളിന്റെ റൂം തുറക്കുന്നതുള്‍പ്പെടെ, ആരെങ്കിലും പ്രിന്‍സിപ്പളിന്റെ റൂം അങ്ങനെ തുറക്കുമോ. അവര് കൃത്യമായി അത്  തുറക്കുന്നു, അതിനകത്ത് കയറുന്നു, അവിടെ കെ.എസ്.യു പ്രവര്‍ത്തകനുണ്ട്, ആളുകളോട് പ്രതികരണം ചോദിക്കുന്നു. അതൊക്കെ ബോധപൂര്‍വമായി ഉണ്ടാക്കിയതാണ് എന്നാണ് കേസിന്റെ ഭാഗമായി അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. അത് അന്വേഷിക്കട്ടെ. അന്വേഷിച്ചിട്ട് ആവശ്യമായി നിലപാട് സ്വീകരിക്കട്ടെ.

അങ്ങനെയുള്ള ക്രിമിനല്‍ കുറ്റങ്ങളെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ പേരിലോ, അല്ലെങ്കില്‍ മാധ്യമത്തിന്റെ പേരിലോ ഒഴിവാക്കപ്പെടില്ലല്ലോ. ഇന്ത്യന്‍ ഭരണഘടനയില്‍ അങ്ങനെ ഒഴിവാക്കപ്പെടാന്‍ ഒരു വകുപ്പുമില്ല. അങ്ങനെയുള്ള കേസെടുക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. അതിന് പുറമെ, വേണ്ടാത്ത രീതിയില്‍ എന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നത്, ഞാന്‍ ഗവണ്‍മെന്റിനെ വിമര്‍ശിച്ചാല്‍ കേസെടുക്കുമെന്ന് പറഞ്ഞിരിക്കുന്നു എന്നാണ്. അങ്ങനെയൊരു വാചകമേ ഞാന്‍ ഉപോഗിച്ചിട്ടില്ല.

ക്രിമിനല്‍ കുറ്റം, ഗൂഢാലോചന ഉള്‍പ്പടെ, അങ്ങനെയുള്ള കേസുകള്‍ വരുമ്പോള്‍, അത് ആരായാലും സര്‍ക്കാറായായും എസ്.എഫ്.ഐ ആയാലും നേരിടുമെന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അത് പത്ര സമ്മേളനം നടത്തി പറഞ്ഞതല്ല. ഇതുപോലെ ഒരുപരിപാടി കഴിഞ്ഞുവരുമ്പോള്‍ പറഞ്ഞതാണ്. അത് ആര്‍ഷോക്ക് നേരെ നടന്നിട്ടുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ്. ആ ഗൂഢാലോചനയില്‍ ശക്തമായ നിലപാട് സ്വീകരിക്കും. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിക്ക് നേരെ ഇതുപോലൊരു ഗൂഢാലോചന വന്നു, അദ്ദേഹത്തിന്റെ തന്നെ പരാതി അടിസ്ഥാനപ്പെടുത്തി സര്‍ക്കാര്‍ ശരിയായ നിലപാട് സ്വീകരിച്ചു. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാണ് ഞാന്‍ പറഞ്ഞത്.

ഞങ്ങള്‍ മാധ്യമത്തിനെതിരെ പറഞ്ഞിട്ടില്ല. ഞാന്‍ പറഞ്ഞതിനകത്ത് ഏതെങ്കിലും മാധ്യമത്തെ പറഞ്ഞോ, മീഡിയ ഉള്‍പ്പടെ മുന്‍കൈ എടുത്താണ് ഈ ഗൂഢാലോചന നടന്നിട്ടുള്ളത്. അതില്‍ എല്ലാവരുമില്ല. ചില ആളുകളുണ്ട്. അതിന്റെ ഭാഗമായിത്തന്നെയാണ് എഫ്.ഐ.ആറില്‍ പേര് വന്നിട്ടുള്ളത്. ആ ഗൂഢാലോചന പരിശോധിക്കും. അതിനി മനോരമ മുഖപ്രസംഗം എഴുതിയത് കൊണ്ടോ ചിലരൊക്കെ പ്രതികരണം നടത്തിയത് കൊണ്ടോ മാറാന്‍ പോകുന്നില്ല. ധാര്‍ഷ്ഠ്യമാണ്, അഹങ്കാരമാണ് എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്. ശരിയായൊരു നിലപാട് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യവും അഹങ്കാരവുമല്ല. കൃത്യമായ കാഴ്ചപ്പാടാണ്. ആര്‍ജവത്തോടെയുള്ള ഇടപെടലാണ്. ആ ഇടപെടല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്ട്രറിയായിരിക്കുമ്പോള്‍ ഞാന്‍ തുടരുക തന്നെ ചെയ്യും,’ എം.വി.ഗോവിന്ദന്‍ പറഞ്ഞു.

content highlights: MV GOVINDAN AGAINST MEDIA

Latest Stories

We use cookies to give you the best possible experience. Learn more