എസ്.എന്‍.ഡി.പിയെ കാവിവത്കരിക്കാന്‍ സി.പി.ഐ.എം അനുവദിക്കില്ല, ലീഗിന്റെ വര്‍ഗീയ നിലപാട് തുറന്നുകാട്ടും: എം.വി. ഗോവിന്ദന്‍
Kerala News
എസ്.എന്‍.ഡി.പിയെ കാവിവത്കരിക്കാന്‍ സി.പി.ഐ.എം അനുവദിക്കില്ല, ലീഗിന്റെ വര്‍ഗീയ നിലപാട് തുറന്നുകാട്ടും: എം.വി. ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2024, 6:07 pm

തിരുവനന്തപുരം: ബി.ജെ.പിക്കും മുസ്‌ലിം ലീഗിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലീഗിന്റെ വര്‍ഗീയ നിലപാട് പാര്‍ട്ടി തുറന്നുകാട്ടുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സി.പി.ഐ.എമ്മിന്റെ സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലീഗിനെതിരെയും ബി.ജെ.പിക്കെതിരെയും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആഞ്ഞടിച്ചു.

‘മുസ്‌ലിം ലീഗ് മതരാഷ്ട്ര വാദികളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു. മുസ്‌ലിം ലീഗിന്റെ വര്‍ഗീയ നിലപാടിനെ പാര്‍ട്ടി തുറന്നുകാട്ടും. വര്‍ഗീയ ശക്തികള്‍ പരസ്പരം കുറ്റപ്പെടുത്തി ശക്തിപ്പെടുന്ന അവസ്ഥയാണ് കേരളത്തില്‍ ഉള്ളത്, ‘ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ തമ്മില്‍ പരസ്പരം ഏറ്റുമുട്ടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷം പ്രധാന ചുമതലയായി ന്യൂനപക്ഷ പരിരക്ഷ ഏറ്റെടുക്കുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയുടെ മതരാഷ്ട്ര നിലപാടിനെതിരെ ശക്തമായ ആശയ പ്രചാരണം വേണം. വിശ്വാസികളെയടക്കം വര്‍ഗീയ വത്കരിക്കാനാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പിയുടെ എല്ലാ ശ്രമങ്ങളെയും പ്രതിരോധിക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

എസ്.എന്‍.ഡിപ്പിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. എസ്.എന്‍.ഡി.പിയുടെ നേതാക്കള്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിക്കുകയാണ്. അവര്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ പോലും നടത്തുന്നു. ബി.ഡി.ജെ.എസിനെ ഒരു ഉപകരണമാക്കി ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. എസ്.എന്‍.ഡി.പിയെ കാവിവത്കരിക്കാന്‍ ഒരിക്കലും അനുവദിക്കില്ല,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നവമാധ്യമങ്ങള്‍ വഴി ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവ മാധ്യമങ്ങളില്‍ സി.പി.ഐ.എം വിരോധം വലിയ തോതില്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇതിലൂടെ സാധിക്കുെമന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Content Highlight: mv govindan against bjp and muslim league